വഞ്ചകരുടെ കൂടാരം വിടാൻ സിപിഐ ഇനിയും വൈകരുത്: എം കെ മുനീർ



കോഴിക്കോട്: രാഷ്ട്രീയ വഞ്ചനയുടെ പര്യായമായ സിപിഎമ്മിന്റെ കൂടാരം വിടാൻ സിപിഐ ഇനിയും വൈകരുതെന്ന് മുസ്ലീം ലീഗ് നിയമസഭാ പാർട്ടി ഉപ നേതാവ് ഡോ. എം കെ മുനീർ എംഎൽഎ. കേരള ചരിത്രത്തിൽ സിപിഐക്ക് മാന്യമായൊരു സ്ഥാനമുണ്ട്. അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി ബാഫഖി തങ്ങൾ ആ ഇടതുപക്ഷ ധാരയെ പരിപോഷിപ്പിക്കാൻ ശ്രമിച്ചത് കേരള മോഡലിന്റെ പിറവിക്ക് കാരണമായി. പത്തു വർഷത്തോളം നീണ്ട അക്കാലത്തെ ഭരണമാണ് സംസ്ഥാനത്തിന്റെ തലവര മാറ്റിയത്. എന്നാൽ സി പി എമ്മിന്റെ വഞ്ചനയിൽ വീണു പോയ സിപിഐ ആ കൂടാരത്തിലേക്ക് പോയതോടെ ധാർമികത ഉയർത്തിപ്പിടിക്കാൻ വല്ലാതെ പെടാപാട് പെടുന്നതാണ് കണ്ടത്.
എല്ലാ കാലത്തും വഞ്ചന സിപിഎമ്മിന്റെ കൂടെപ്പിറപ്പാണ്.


തൊഴിലാളികളെയും അടിസ്ഥാന വർഗത്തെയും മതേതരത്വത്തെയുമെല്ലാം ഒറ്റുകൊടുത്തതാണ് സിപിഎമ്മിന്റെ ചരിത്രം. ഇപ്പോഴും അതിൽ വലിയ മാറ്റമില്ലെന്ന് മാത്രമല്ല, സംഘപരിവാറുമായി ഇരട്ടപ്പാതയുള്ള സ്ഥിരം പാലവുമായിരിക്കുന്നു. ഒന്നാം പിണറായി സർക്കാർ കാലത്തേ ആഭ്യന്തര വകുപ്പ് സംഘപരിവാറിന് തീറെഴുതിയവർ രണ്ടാം പിണറായി സർക്കാർ വന്നതോടെ വിദ്യാഭ്യാസസാംസ്കാരിക വിഭാഗങ്ങളും അവർക്ക് അടിയറവ് വെച്ചിരിക്കുന്നു. ജനാധിപത്യത്തിന് പകരം ഏകാധിപത്യം അരക്കിട്ടുറപ്പിച്ച സിപിഎമ്മിന്റെ വല്ല്യേട്ടൻ നയത്തിനെതിരെ സഹികെട്ടാണ് സിപിഐ ദുർബലശബ്ദമെങ്കിലുമുയർത്തിയത്. പിഎം ശ്രീ കരാറിലും യൂണിവേഴ്സിറ്റി വിസി ഒത്തുതീർപ്പിലുമെല്ലാം സിപിഎമ്മിന്റെ ചതിക്കെതിരെ സിപിഐ സ്വീകരിച്ച നിലപാട് ശ്ലാഖനീയമാണ്. ഇതിന്റെ പകപോക്കാൻ പിണറായിയുടെ മെഗാഫോണായ വെള്ളാപ്പള്ളി നടേശനെ വരെ ഇറക്കിയാണ് സിപിഐയെ കൊട്ടുന്നത്. തീവ്ര വലതുപക്ഷമായി സിപിഎം മാറിയതിന്റെ ദുരന്തം പേറുന്ന എൽഡിഎഫിന് ഇടതുപക്ഷം എന്ന പേരുപയോഗിക്കാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുന്നു. അൽപമെങ്കിലും ഇടതു മൂല്ല്യബോധമുള്ള സിപിഐ വഞ്ചകരുടെ കൂടാരംവിട്ട് പുറത്തുവരാൻ വൈകരുതെന്നും ഡോ. എം കെ മുനീർ ആവശ്യപ്പെട്ടു.




Sharing is Caring