കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ട് പേര്‍ രോഗമുക്തി നേടുകയും ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. 69 വയസ്സുള്ള ചോറോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ബഹ്‌റൈനില്‍ നിന്നു മെയ് 27 ന് കരിപ്പൂരിലെത്തുകയും രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സ്രവപരിശോധനയില്‍ പോസിറ്റീവായി. ഇപ്പോള്‍ ആരോഗ്യ നില തൃപ്തികരമാണ്.

കണ്ണൂര്‍ ജനറല്‍ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശികളായ രണ്ടുപേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ രോഗമുക്തരായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 28 ആയി. ആകെ 59 കോഴിക്കോട് സ്വദേശികള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ 31 പേര്‍ പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 15 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 13 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേര്‍ കണ്ണൂരിലുംമാണ്. കൂടാതെ ഒരു മലപ്പുറം സ്വദേശിയും 3 കാസര്‍ഗോഡ് സ്വദേശികളും ഒരു തൃശൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരു തൃശൂര്‍ സ്വദേശി എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലും ഇപ്പോള്‍ ചികിത്സയിലുണ്ട്.

ഇന്ന് 251 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 4555 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4298 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4223 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 257 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *