റിയാസ് മൗലവി വധക്കേസിൽ കോടതി വിധി ഇന്ന്

ചൂരിയിലെ മദ്റസ അധ്യാപകന്‍ റിയാസ് മൗലവി വധക്കേസിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ കാസർകോട് പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറി ആർ.എസ്.എസ് സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

കേസിൽ വിധി പറയുന്നത് മൂന്ന് തവണ മാറ്റിയിരുന്നു. ഫെബ്രുവരി 29നായിരുന്നു ആദ്യം വിധി പറയാനിരുന്നത്. പിന്നീട് മാർച്ച് ഏഴ്, മാർച്ച് 20 തീയതികളിലേക്ക് മാറ്റി. ഏറ്റവും ഒടുവിൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് കേസ് പരിഗണിക്കുന്നത്.പ്രതികളും ആർ.എസ്.എസ് പ്രവർത്തകരുമായ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരെ കൊലപാതകം നടന്ന് മൂന്നുദിവസത്തിനകം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പ്രതികള്‍ ജയിലില്‍ തന്നെയാണ് കഴിയുന്നത്.മൗലവി കൊല്ലപ്പെട്ട് 90 ദിവസം പിന്നിടുന്നതിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 2019ൽ കേസിന്റെ വിചാരണ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ ആരംഭിച്ചു. ജഡ്ജിമാരുടെ സ്ഥലം മാറ്റവും കോവിഡും കാരണം പലതവണ മാറ്റിവെച്ച കേസ് ഇതുവരെ ഏഴ് ജഡ്ജിമാരാണ് പരിഗണിച്ചത്.

ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഡി.എന്‍.എ പരിശോധന ഫലമടക്കം 50ലേറെ രേഖകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 97 സാക്ഷികളെ കോടതി വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *