യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ പരസ്യമായി അപമാനിച്ചെന്ന വിലയിരുത്തലിൽ ഇനി പിവി അൻവറിനോട് ഒത്തുതീർപ്പ് വേണ്ടെന്ന നിലപാടിൽ കോൺഗ്രസ്. ഹൈക്കമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർഥിക്കെതിരെ ആരോപണം ഉന്നയിച്ച അൻവറിനെ സഹകരിപ്പിക്കാനാകില്ല എന്നതാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ വികാരം. അൻവറിന്റെ പ്രസ്താവന അവമതിപ്പ് ഉണ്ടാക്കിയെന്നും കോൺഗ്രസ് വിലയിരുത്തുന്നു.മുസ്‌ലിം ലീഗിലും അൻവറിന്റെ നിലപാടിൽ അമർശമുണ്ടായിട്ടുണ്ട്. ഒറ്റക്കെട്ടായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വിള്ളലുണ്ടാകുമെന്നാണ് വിലയിരുത്തൽ. അൻവർ വേണമെങ്കിൽ യുഡിഎഫിനെ പിന്തുണയ്ക്കട്ടെയെന്നാണ് ഇപ്പോൾ കോൺഗ്രസ് കണക്കാക്കുന്നത്.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വിഡി സതീശനും അൻവറിനോട് സംസാരിച്ച് ധാരണയിലെത്തിയിരുന്നു. സമ്മർദം ചെലുത്തി കാര്യങ്ങൾ നേടിയെടുക്കാനുള്ള അൻവറിന്റെ നീക്കത്തിന് വഴങ്ങിക്കൊടുക്കേണ്ടതില്ല എന്നാണ് കോൺഗ്രസിന്റെ തീരുമാനം.എന്നാൽ പിന്നാലെ അൻവർ സ്ഥാനാർത്ഥിക്ക് മോശം പ്രതിച്ഛായ മാധ്യമങ്ങളിലൂടെയുണ്ടാക്കിയെന്നാണ് കോൺഗ്രസിന്റെ വിമർശനം. നേരത്തെ പൂർണ പിന്തുണ പ്രഖ്യാപിച്ച അൻവർ എന്തിനാണ് നിർണായക ഘട്ടത്തിൽ പാർട്ടിയെ വെല്ലുവിളിക്കുന്നതെന്ന ചോദ്യവും കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്.














