ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ത്രിപുര ജഡ്ജി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി


ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ത്രിപുര ജഡ്ജി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. മൊഴി രേഖപ്പെടുത്താനെത്തിയ അതിജീവതയെ ജഡ്ജി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. 23 കാരിയായ യുവതിയാണ് ത്രിപുരയിലെ ധലായ് ജില്ലയില്‍ ജില്ലാ സെഷന്‍ ജഡ്ജിക്കെതിരെ ആരോപണം ഉന്നയിച്ചത്. ജില്ലയിലെ കമാല്‍പൂര്‍ ബാര്‍ അസോസിയേഷനിലാണ് പരാതി നല്‍കിയത്. സംഭവത്തില്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചു.
ധലായ് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ഗൗതം സര്‍ക്കാര്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സത്യജിത് ദാസ് എന്നിവരടങ്ങുന്ന പാനല്‍ അംഗങ്ങള്‍ ആരോപണ വിധേയനായ ജഡ്ജിയുടെ ഓഫീസ് സന്ദര്‍ശിച്ചു.


ബലാത്സംഗ കേസില്‍ മൊഴി നല്‍കാനെത്തിയ പെണ്‍കുട്ടിയെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് തന്റെ ചേംബറില്‍ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.ഒറ്റയ്ക്കാണ് തന്നോട് മുറിയില്‍ വരാന്‍ ആവശ്യപ്പെട്ടതെന്നും വനിതാ പൊലീസുകാരോട് പുറത്ത് നില്‍ക്കാന്‍ ജഡ്ജി പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു. അതിജീവത മുറിയിലെത്തിയ ശേഷം ജഡ്ജി വാതില്‍ അടച്ചു കുറ്റിയിട്ടു. സംഭവം വിവരിക്കുന്നതിനിടയില്‍, ജഡ്ജി തന്നോട് എഴുന്നേറ്റു നില്‍ക്കാന്‍ ആവശ്യപ്പെടുകയും ശരീരത്ത് തൊടുകയുമായിരുന്നു. തുടര്‍ന്ന്, ലൈംഗികമായി ഉപദ്രവിക്കുകയും ‘ഡിജിറ്റല്‍ റേപ്പി’ന് വിധേയയാക്കിയെന്നും അതിജീവത പരാതിയില്‍ പറഞ്ഞു.


തന്റെ ദുരനുഭവം ഭര്‍ത്താവിനെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം കമാല്‍പൂര്‍ ബാര്‍ അസോസിയേഷനിലെ അഭിഭാഷകരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഫെബ്രുവരി 13 ന് പെണ്‍കുട്ടിയെ വീട്ടില്‍ വെച്ച് 26കാരനായ യുവാവ് ബലാത്സംഗം ചെയ്തതെന്ന പരാതിയിലാണ് പെണ്‍കുട്ടിയും ഭര്‍ത്താവും മൊഴി നല്‍കാന്‍ കോടതിയിലെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.കമാല്‍പൂര്‍ ബാര്‍ അസോസിയേഷന്‍ സെക്രട്ടറിക്കാണ് പരാതി നല്‍കിയത്. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പരാതി സ്വീകരിക്കുകയും പരാതി അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് കൈമാറുകയും ചെയ്തുവെന്ന് ബാര്‍ അസോസിയേഷനിലെ അഡ്വ. ശിബേന്ദ്ര ദാസ് ഗുപ്ത പറഞ്ഞു.



Sharing is Caring