ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞി ഉപേക്ഷിച്ചെന്ന് പരാതി


പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞി ഉപേക്ഷിച്ചെന്ന് പരാതിയുമായി കുടുംബം.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായാണ് ചമ്പക്കുളം സ്വദേശിനിയായ ലക്ഷ്മിയുടെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്.യുവതിയുടെ വയറ്റിൽ പഞ്ഞിക്കെട്ട് ഉപേക്ഷിച്ച് തുന്നിക്കെട്ടിയെന്നാണ് പരാതി.കഴിഞ്ഞ മാസം 18 നാണ് മെഡിക്കൽ കോളേജിൽ വച്ച് ലക്ഷ്മിയുടെ സിസേറിയൻ നടന്നത്.


യുവതിയുടെ ആദ്യ പ്രസവമായിരുന്നു ഇത് . ലക്ഷ്മിയെ നാലാമത്തെ ദിവസം ആശുപത്രിയില്‍ നിന്നും ഡിസ്ചാർജ് ചെയ്തു. എന്നാൽ വീട്ടിലെത്തിയ അടുത്ത ദിവസം തുന്നിക്കെട്ടിയ ഭാഗത്ത് നിന്ന് പഴുപ്പ് ഒലിക്കാന്‍ തുടങ്ങി.
തുടർന്ന് ആശുപത്രിയിൽ തിരിച്ചെത്തിയ ലക്ഷ്മി പഞ്ഞി വയറ്റിലുണ്ടെന്ന് പറഞ്ഞുവെങ്കിലും ഇത് സമ്മതിക്കാൻ അധികൃതർ തയ്യാറായില്ല.


പരിശോധിക്കുന്നതിന് പകരം പഴുപ്പിനും വേദനയ്‌ക്കും മരുന്ന് നൽകുകയാണ് ചെയ്തത്. തുടർന്ന് വയർ വീണ്ടും തുന്നിക്കെട്ടണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.രണ്ട് സ്റ്റിച്ച് മാത്രം മതിയെന്ന് പറഞ്ഞെങ്കിലും മുഴുവനും വീണ്ടും തുന്നിക്കെട്ടി. കഴിഞ്ഞദിവസം രാവിലെയാണ് ഐസിയുവിൽ നിന്ന് ലക്ഷ്മിയെ വാർഡിലേക്ക് മാറ്റിയത്.ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ നിരന്തരമായി പരാതികൾ ഉയരുകയാണ്.



Sharing is Caring