ആരോഗ്യസംരക്ഷണത്തിന് സമൂഹത്തിന്റെ കൂട്ടായ പ്രയത്‌നം അനിവാര്യം: കേന്ദ്രമന്ത്രി വി. മുരളീധരന്‍

തിരുവനന്തപുരം: ആരോഗ്യസംരക്ഷണത്തിന് സമൂഹത്തിന്റെ കൂട്ടായ പരിശ്രമവും പ്രയത്‌നവും അനിവാര്യമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. തിരുവനന്തപുരം കിംസ്ഹെല്‍ത്തിന്റെ അത്യാധുനിക സൗകര്യങ്ങളോട് കൂടി നിര്‍മിച്ച ഈസ്റ്റ് ബ്ലോക്ക് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സ്വകാര്യ വ്യത്യാസമില്ലാതെ സമൂഹത്തിന്റെ കൂട്ടായ യത്‌നമാണ് നമ്മുടെ നാടിന്റെ ആരോഗ്യ സംരക്ഷണത്തില്‍ പ്രതിഫലിക്കുന്നത്. എല്ലാ ഗ്രാമങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രമുള്ള സംസ്ഥാനമാണ് കേരളമെന്നും ആരോഗ്യസംരക്ഷണത്തില്‍ നമ്മുടെ നാടിന്റെ പാരമ്പര്യവും പ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ആരോഗ്യമേഖലയിലെ സുപ്രധാന ഇടപെടലുകളുടെ ഭാഗമാകാന്‍ കിംസ്‌ഹെല്‍ത്തിന് സാധിച്ചിട്ടുണ്ടെന്നും അഭിമാനപൂര്‍വമായ ഈ യാത്രയില്‍ സന്തോഷമുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷനായ കിംസ്‌ഹെല്‍ത്ത് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ ഡോ. എം.ഐ സഹദുള്ള പറഞ്ഞു.

10 നിലകളിലായി 4.6 ലക്ഷം ചതുരശ്ര അടിയില്‍ 300 കോടി രൂപ ചെലവിലാണു പുതിയ ബ്ലോക്ക് ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സജ്ജീകരണങ്ങളോടെ ഒരുക്കിയിരിക്കുന്ന ബ്ലോക്കില്‍ അള്‍ട്രാമോഡേണ്‍ ഓപ്പറേഷന്‍ തിയറ്ററുകള്‍, സെന്‍ട്രല്‍ മോണിറ്ററിങ് സൗകര്യത്തോട് കൂടിയ 75 കിടക്കകളുള്ള ഐസിയു, ബൈ-പ്ലെയിന്‍ കാത്ത് ലാബ്, വൈഡ് ബോര്‍ സി ടി സ്‌കാനര്‍, ആധുനിക അള്‍ട്രാസൗണ്ട് ഉപകരണങ്ങള്‍, വിശാലമായ ബെര്‍ത്തിങ് സ്യൂട്ടുകള്‍, ലേബര്‍, ഡെലിവറി റൂമുകള്‍, വിസ മെഡിക്കല്‍സ്, കോംപ്രിഹന്‍സീവ് ബേര്‍ണ്‍സ് യൂണിറ്റ്, ട്രാന്‍സ്പ്ലാന്റ് ഐ.സി.യു, ആധുനിക വെല്‍നസ് സെന്ററുകള്‍, ഫാര്‍മസി, പൂര്‍ണമായും ശീതീകരിച്ച 170 മുറികള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു.

കരള്‍, വൃക്ക, പാന്‍ക്രിയാസ് തുടങ്ങി എല്ലാ അവയവമാറ്റ ശസ്ത്രക്രിയകളുടെയും കേന്ദ്രമായിരിക്കും പുതിയ ബ്ലോക്ക്. വന്ധ്യത ചികിത്സയ്ക്കും ഹൈറിസ്‌ക് പ്രഗ്നന്‍സിക്കുമുള്ള പ്രത്യേക കേന്ദ്രം, 30 ഐ.സി.യു കിടക്കകളുള്ള നിയോനറ്റോളജി വിഭാഗം, ആധുനിക ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയും അനുബന്ധ സേവനങ്ങളും ഇവിടുത്തെ പ്രത്യേകതകളാണ്.

ഡെര്‍മറ്റോളജി, കോസ്‌മെറ്റോളജി, പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങള്‍ക്കായുള്ള പ്രത്യേക കേന്ദ്രം, ഇന്റര്‍നാഷണല്‍ പേഷ്യന്റ്‌സ് റിലേഷന്‍സ് സേവനം, അതിവേഗ കണ്‍സള്‍ട്ടേഷന്‍ സൗകര്യമുള്ള വെല്‍നസ് സെന്റര്‍, പ്രീമിയം വെയിറ്റിങ് ലോഞ്ചുകള്‍ എന്നിവയും പുതിയ ബ്ലോക്കിന്റെ ഭാഗമാണ്. കേരളത്തിലെ ആദ്യ ഐ.ജി.ബി.സി ലീഡ് പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന് അര്‍ഹമായ കിംസ്‌ഹെല്‍ത്തിന്റെ ഈ പരിസ്ഥിതി സൗഹൃദ കെട്ടിടം, ദക്ഷിണേന്ത്യയില്‍ തന്നെ എഞ്ചിനീയറിംഗ് കമാന്‍ഡ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ആശുപത്രിയാണ്.

കിംസ്‌ഹെല്‍ത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. ശശി തരൂര്‍ എം.പി, രമേശ് ചെന്നിത്തല എം.എല്‍.എ, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, കിംസ്‌ഹെല്‍ത്ത് വൈസ് ചെയര്‍മാന്‍ ആന്‍ഡ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ സര്‍വീസ് ഡോ. ജി. വിജയരാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കിംസ്‌ഹെല്‍ത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം നജീബ് സ്വാഗതവും കിംസ്‌ഹെല്‍ത്ത് ഗ്രൂപ്പ് സി.ഇ.ഒ ഡോ. ഷരീഫ് സഹദുള്ള നന്ദിയും പറഞ്ഞു. പ്രൊജക്ട്‌സ് ജനറല്‍ മാനേജര്‍ ബിജുവിനും ടീമിനും ചടങ്ങില്‍ വെച്ച് മന്ത്രി വി. മുരളീധരന്‍ മെമെന്റോ നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *