കോയമ്പത്തൂര്‍ സ്‌ഫോടനം:ജമേഷമുബിന്‍ മരിച്ചത് ഹൃദയത്തില്‍ ആണി തുളഞ്ഞു കയറിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്


ദീപാവലി ദിനത്തില്‍ കോയമ്പത്തൂരില്‍ കാര്‍ സ്‌ഫോടനം നടത്തിയ ജമേഷ മുബിന്‍ മരിച്ചത് ഹൃദയത്തില്‍ ആണി തുളഞ്ഞു കയറിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്‌ഫോടക വസ്തുക്കള്‍ക്കൊപ്പം ആണികളും മാര്‍ബിള്‍ കഷ്ണങ്ങളും ഉപയോഗിച്ചിരുന്നു. ഇതേ ആണികള്‍ തന്നെയാണ് ജമേഷ മുബിന്റെ ഹൃദയത്തില്‍ തുളഞ്ഞു കയറിയത്.


നെഞ്ചിന്റെ ഇടതുവശത്തു കൂടി തുളഞ്ഞു കയറിയ ആണികളൊന്നാണ് ഹൃദയത്തില്‍ തറച്ചത്. ഒട്ടേറെ ആണികള്‍ ജമേഷ മുബിന്റെ ശരീരത്തില്‍ തുളഞ്ഞുകയറിയതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. സ്‌ഫോടനത്തില്‍ ജമേഷ മുബിന് ദേഹത്തൊട്ടാകെ കടുത്ത പൊള്ളലേറ്റെങ്കിലും ശരീരം ചിന്നിച്ചിതറിയിരുന്നില്ല.


ഒക്ടോബര്‍ 23ന് പുലര്‍ച്ചെ 4.03നാണ് കോട്ടമേട് സംഗമേശ്വരര്‍ ക്ഷേത്രത്തിനു മുന്നില്‍ കാറില്‍ രണ്ടു ചെറിയ സ്‌ഫോടനങ്ങളും ഒരു വന്‍ സ്‌ഫോടനവും നടന്നത്. ഡ്രൈവറുടെ സീറ്റില്‍ നിന്ന് ഏതാനും അടി ദൂരെ ക്ഷേത്രത്തിനു മുന്നില്‍ റോഡിലാണ് ജമേഷ മുബിന്റെ മൃതദേഹം കണ്ടെത്തിയത്.

അതിനിടെ കാര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറുപേരെ ഇന്നലെ ചെന്നൈ പൂന്തമല്ലിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. ആറുപേരെയും 22വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ ജയിലിലേക്ക് അയച്ചു.



Sharing is Caring