മാസപ്പടിക്കേസ്;എസ്എഫ്‌ഐഒ അന്വേഷണം ചോദ്യംചെയ്ത് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും


മാസപ്പടിക്കേസിൽ എസ്എഫ്‌ഐഒ അന്വഷണം ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹർജി പരി​ഗണിക്കുക. അതേസമയം സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടിലെ അന്വേഷണം പൂര്‍ത്തിയാക്കി എസ്എഫ്‌ഐഒ നല്‍കിയ റിപ്പോര്‍ട്ട് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് കേരള ഹൈക്കോടതിയുടെ വിലക്കുണ്ട്.


ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ അധികാര പരിധിയില്‍ വ്യക്തത വരുത്തുന്നത്. ഡൽഹി ഹൈക്കോടതിയുടെ വാക്കാല്‍ വിലക്ക് ലംഘിച്ചാണ് എസ്എഫ്‌ഐഒ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് സിഎംആര്‍എലിന്റെ വാദം. ഇത്തരമൊരു വിലക്കില്ലെന്നാണ് എസ്എഫ്‌ഐഒയുടെ നിലപാട്. ഇക്കാര്യത്തിലും ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വ്യക്തത വരുത്തിയേക്കും. കഴിഞ്ഞ രണ്ട് തവണ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടുവെങ്കിലും ഹര്‍ജി സിംഗിള്‍ ബെഞ്ച് പരിഗണിച്ചിരുന്നില്ല.




Sharing is Caring