ചെെനയുടെ ചാര ബലൂണ്‍ യു എസിന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബലൂണ്‍ വെടിവച്ചിടാന്‍ തീരുമാനിച്ചെങ്കിലും, വെടിവച്ചിടുമ്ബോള്‍ ഭൂമിയില്‍ പതിക്കുന്ന ബലൂണ്‍ ജീവനാശത്തിനിടവരുത്തുമെന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ അത് ഒഴിവാക്കി.
ഈ ബലൂണിന്റെ ഉദ്ദേശ്യം എന്താണെന്നത് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.ഏതാനും ദിവസങ്ങളായി യുഎസിന്റെ വടക്കന്‍ മേഖലയ്ക്കു മുകളില്‍ ദുരൂഹസാഹചര്യത്തില്‍ നീങ്ങുന്ന ചെെനീസ് ചാര ബലൂണ്‍ നിരീക്ഷണത്തിലാണെന്ന് പെന്റഗണ്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാട്രിക് റെെഡര്‍ വ്യക്തമാക്കി. നിലവില്‍ ഈ ചാര ബലൂണ്‍ നിയന്ത്രിത വ്യോമ മേഖലയ്ക്ക് പുറത്തായതിനാല്‍ ജനങ്ങള്‍ക്ക് ഭീഷണി ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ ഈ മേഖലയിലാണ് യു എസിന്റെ വ്യോമതാവളങ്ങളും തന്ത്ര പ്രധാനമായ ആണവ മിസെെലുകളും ഉള്ളത്.ചാര ബലൂണ്‍ കണ്ടെത്തിയെന്ന യു എസിന്റെ അവകാശവാദത്തില്‍ അന്വേഷണം ആരംഭിച്ചതായി ചെെന അറിയിച്ചു. ചെെന അന്താരാഷ്‌ട്ര നിയമങ്ങള്‍ കൃത്യമായി പാലിക്കുന്ന രാജ്യമാണ്. ഒരു പരമാധികാര രാജ്യത്തിന്റെ വ്യോമ മേഖലയില്‍ അതിക്രമിച്ച് കയറാന്‍ ഉദ്ദേശ്യമില്ലെന്നും ചെെനയുടെ വിദേശ കാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി.













