97 പുതിയ സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

97 പുതിയ സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കണ്ണൂർ ധർമ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് വച്ചാണ് സംസ്ഥാന തല ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനാകും. ഈ ചടങ്ങിൽ വച്ച് മൂന്ന് ടിങ്കറിംഗ് ലാബുകൾ കൂടി ഉദ്ഘാടനം ചെയ്യപ്പെടും. ഈ ചടങ്ങിൽ വച്ച് തന്നെ 12 പുതിയ സ്കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടും.ഇതിനെല്ലാം കൂടി 182 കോടി രൂപ മതിപ്പ് ചെലവ് വരും. ഭൗതീക സൗകര്യവികസനത്തിനായി 2016 മുതൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും അതിന്റെ തുടർച്ചയായ വിദ്യാകരണം മിഷന്റെയും ഭാഗമായി 3800 കോടിയിലധികം രൂപയുടെ നിക്ഷേപം കിഫ്ബി പദ്ധതി, പ്ലാൻ ഫണ്ട്, മറ്റ് ഇതര ഫണ്ടുകൾ വഴി നടത്തിയിട്ടുണ്ട്.

ഇതുവരെ കിഫ്‌ബി ഫണ്ടിൽ മാത്രം അഞ്ചു കോടി രൂപ നിരക്കിൽ 126 സ്കൂൾ കെട്ടിടങ്ങളും മൂന്നു കോടി രൂപ നിരക്കിൽ 153 സ്കൂൾ കെട്ടിടങ്ങളും ഒരു കോടി രൂപ നിരക്കിൽ 98 സ്കൂൾ കെട്ടിടങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനു പുറമേയാണ് 97 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുന്നതും 12 സ്കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടുന്നതും. ഇത് കൂടാതെ പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട്, മറ്റ് ഇതര ഫണ്ടുകൾ തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിച്ച നിരവധി കെട്ടിടങ്ങൾ ഇതിനകം ഉദ്ഘാടനം ചെയ്തു കഴിഞ്ഞു.

പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയർത്തുക എന്ന അനിവാര്യമായ കടമ അഭിമാനാർഹമായ രീതിയിൽ സർക്കാരിനു നിർവഹിക്കാൻ സാധിക്കുന്നു. പൊതുസമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയും ഇക്കാര്യത്തിൽ കേരളത്തിന്റെ കരുത്തായി മാറി. ഇനിയുമൊരുപാട് മികവിലേയ്ക്ക് നമ്മുടെ വിദ്യാലയങ്ങൾ ഉയരേണ്ടതുണ്ട്. അതിനായി ഈ പരിശ്രമത്തെ കൂടുതൽ ഒരുമയോടെ നമുക്കു മുന്നോട്ടു കൊണ്ടുപോകാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *