സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിപറയുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് സ്വവര്‍ഗ വിവാഹം സംബന്ധിച്ച സുപ്രീം കോടതിയുടെ വിധി പ്രഖ്യാപിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, രവീന്ദ്ര ഭട്ട്, ഹിമ കോഹ്ലി, പിഎസ് നരസിംഹ എന്നിവരാണ് ബെഞ്ചിലുണ്ട്. സ്വവര്‍ഗ ലൈംഗികത നഗരകേന്ദ്രീകൃത, വരേണ്യവര്‍ഗ സങ്കല്‍പ്പമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തന്റെ വിധിപ്രസ്താവത്തില്‍ പറഞ്ഞു.
നാല് വിധികളുണ്ടെന്ന് വിധി പ്രസ്താവം വായിച്ചു തുടങ്ങിയതോടെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ഹിമ കോലി ഒഴികെയുള്ളവര്‍ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവര്‍ പ്രത്യേകം വിധി പ്രസ്താവിക്കും.വിഷയത്തില്‍ ഏതു പരിധിവരെ പോകണമെന്നതില്‍ യോജിപ്പും വിയോജിപ്പുമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ സെക്ഷന്‍ 4 ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സ്‌പെഷ്യല്‍ മാര്യേജ് ആക്ടില്‍ മാറ്റം വരുത്തണമോയെന്ന കാര്യത്തില്‍ പാര്‍ലമെന്റ് തീരുമാനമെടുക്കണമെന്നും ചീഫ് ജസ്റ്റിസ് തന്റെ വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.

കുടുംബത്തിന്റെ ആവശ്യകത മനുഷ്യ സ്വഭാവത്തിന്റെ പ്രധാന സ്വഭാവവിശേഷമാണ് അത് സ്വയം വികസനത്തിന് പ്രധാനമാണ്. ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഒരാളുടെ ജീവിത ഗതി തിരഞ്ഞെടുക്കുന്നതിന്റെ അവിഭാജ്യ ഘടകമാണ്. ചിലര്‍ ഇത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായി കണക്കാക്കാം. ഈ അവകാശം ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ഭാഗമാണെന്നും ഡിവൈ ചന്ദ്രചൂഢ് തന്റെ വിധിന്യായത്തില്‍ പറയുന്നു.ഒരാളുടെ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശവും ആ ഒത്തുചേരല്‍ അംഗീകരിക്കപ്പെടാനുള്ള അവകാശവും എല്ലാവര്‍ക്കും ഉണ്ടെന്നും ഇത്തരം കൂടിച്ചേരല്‍ അംഗീകരിക്കുന്നത് ക്വീര്‍ ദമ്പതികളോടുള്ള വിവേചനത്തിന് കാരണമാകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കുന്നുണ്ട്.













