
പെയ്‌തൊഴിയാത്ത മഴയില്‍ ചെന്നൈയും സമീപ്രദേശങ്ങളും പ്രളയത്തില്‍. നഗരത്തിലെ മിക്ക വീടുകളും വെള്ളത്തിനടിയിലായതോടെ ജനജീവിതം താറുമാറായി. കുടിവെള്ളത്തിനും ഭക്ഷണത്തിനും ക്ഷാമം നേരിട്ടുതുടങ്ങി. ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിലച്ചു. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യമിറങ്ങി. ചെന്നൈ രാജ്യാന്തര വിമാനത്താവളം ഇന്നു രാവിലെ വരേയ്‌ക്ക് അടച്ചു. നിരവധി ട്രെയിനുകള്‍ റദ്ദാക്കി.രണ്ടാഴ്ചയായി തുടരുന്ന മഴയില്‍ മരണം 197 ആയി.ബുധനാഴ്ചയും മഴയ്ക്ക് ശമനമുണ്ടായില്ല. ഒരാഴ്ചകൂടി ചെന്നൈയിലും തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളിലും കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.നഗരത്തിലും പ്രാന്തപ്രദേശത്തും ദുരിതാശ്വാസ നടപടികള്‍ ത്വരിതഗതിയിലാക്കാന്‍ മുഖ്യമന്ത്രി ജയലളിത നേരിട്ട് നേതൃത്വം നല്‍കിവരികയാണ്. റോഡുകളടക്കം മുങ്ങിയതിനാല്‍ വാഹനഗതാഗതത്തേയും ബാധിച്ചു. പ്രധാന റോഡുകളായ മൗണ്ട് റോഡ്, ജിഎസ്ടി അണ്ണാ സാലൈ എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. മഴവെള്ളം കയറിയതിനാല്‍ വൈദ്യുതാഘാതമേല്‍ക്കാതിരിക്കാനും മറ്റുമായി നഗരത്തിലെ 60 ശതമാനം വൈദ്യുതിയും വിച്ഛേദിച്ച നിലയിലാണ്.
