
2000 രൂപ നോട്ടുകള്‍ വിനിമയത്തില്‍നിന്ന് പിന്‍വലിച്ചതില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. എന്തുകൊണ്ടാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത് എന്നതില്‍ ഉള്‍പ്പെടെയാണ് കേന്ദ്ര സര്‍ക്കാര്‍ പിഐബിയിലൂടെ വിശദീകരണം നല്‍കിയത്. പൊതുജനങ്ങള്‍ക്ക് മികച്ച നിലവാരമുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐ സ്വീകരിച്ച നയമാണിതെന്നും കേന്ദ്ര വ്യക്തമാക്കുന്നു.
“1934 ലെ ആര്‍ബിഐ നിയമം സെക്ഷന്‍ 24(1) പ്രകാരം 2016 നവംബറിലാണ് 2000 രൂപ നോട്ടുകള്‍ അവതരിപ്പിച്ചത്. അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്ന എല്ലാ ?500, ?1000 നോട്ടുകളുടെയും നിയമപരമായ സാധുത പിന്‍വലിച്ചതിനുശേഷം സമ്പദ്വ്യവസ്ഥയുടെ കറന്‍സി ആവശ്യകത വേഗത്തില്‍ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. ആ ലക്ഷ്യം നിറവേറ്റുകയും മതിയായ അളവില്‍ മറ്റ് മൂല്യങ്ങളുള്ള നോട്ടുകള്‍ ലഭ്യമാകുകയും ചെയ്തതോടെ 2018-19ല്‍ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിവച്ചു. 2000 രൂപ നോട്ടുകളില്‍ ഭൂരിഭാഗവും 2017 മാര്‍ച്ചിനു മുമ്പു പുറത്തിറക്കിയതാണ്. അവ കണക്കാക്കപ്പെട്ട 4-5 വര്‍ഷം എന്ന കാലപരിധിയുടെ അവസാനത്തിലാണ്. ഈ വിഭാഗത്തിലുള്ള നോട്ടുകള്‍ ഇടപാടുകള്‍ക്ക് സാധാരണയായി ഉപയോഗിക്കുന്നില്ലെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകളുടെ ശേഖരം പൊതുജനങ്ങളുടെ കറന്‍സി ആവശ്യകത നിറവേറ്റാന്‍ പര്യാപ്തമാണ്.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്ത്, റിസര്‍വ് ബാങ്കിന്റെ ‘ക്ലീന്‍ നോട്ട് നയം’ അനുസരിച്ച്, പ്രചാരത്തില്‍ നിന്ന് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു.”
