കളമശേരി സ്ഫോടനക്കേസിലെ പ്രതി മാര്‍ട്ടിന്‍ തന്നെയെന്ന് ഉറപ്പിച്ച് കേന്ദ്ര ഏജന്‍സികളും. എന്‍എസ്ജി സംഘം കളമശേരി കൺവെൻഷൻ സെന്ററിൽ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വീര്യം കുറഞ്ഞ സ്ഫോടക വസ്തുവാണ്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടും സമാനമാണ്. ഇന്നലെ രാത്രിയും ഇവിടെ പരിശോധന നടത്തിയിരുന്നു. ഫോറെൻസിക്ക് വിഭാഗവും, പൊലീസ് സംഘവും പരിശോധന നടത്തുന്നുണ്ട്. ഐഇഡി പരിശീലനം ലഭിച്ചോയെന്നറിയാന്‍ പൊലീസ് ഇന്ന് വിശദമായി പ്രതിയെ ചോദ്യം ചെയ്യും.യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ ഹാളിൽ ഭാര്യാ മാതാവും ഉണ്ടായിരുന്നുവെന്നും അവർ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും മാർട്ടിൻ മൊഴി നൽകി.
ബോംബ് സ്ഥാപിച്ചത് പ്ലാസ്റ്റിക് കവറുകളിലാണെന്നാണ് തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ വെളിപ്പെടുത്തി. സ്ഫോടന ശേഷം വ്യാപ്തി കൂടുന്നതിനാണ് പ്രതി ബോംബിനൊപ്പം പെട്രോളും വച്ചത്. 4 കവറുകളിലായി ബോംബ് സ്ഥാപിക്കുകയായിരുന്നുവെന്നും ടിഫിൻ ബോക്സിൽ അല്ല ബോംബ് സ്ഥാപിച്ചതെന്നും ഡൊമിനിക് മൊഴി നൽകി. എല്ലാ കവറുകളും കസേരയുടെ അടിഭാഗത്താണ് വച്ചത്.ഫോർമാനായതിനാൽ സാങ്കേതിക കാര്യങ്ങളിൽ പ്രതിക്ക് വൈദഗ്ധ്യമുണ്ടെന്നാണ് മനസിലാക്കുന്നത്. പ്രതി സ്ഫോടനത്തിന് ശേഷം സുഹൃത്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും. ഇയാളുമായി നേരത്തെ തന്നെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.














