സിസിഎസ് സി എച്ച് സമ്മേളനം സമാപിച്ചു; അഞ്ച് സുഗന്ധവ്യഞ്ജനങ്ങളുടെ കോഡെക്സ് മാനദണ്ഡങ്ങള്‍ക്ക് അന്തിമരൂപമായി

കൊച്ചി: ആഗോള തലത്തില്‍ സുഗന്ധവ്യജ്ഞനങ്ങളുടെ ഗുണമേന്മാ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കുന്ന രാജ്യാന്തര സമിതിയായ കോഡെക്‌സ് കമ്മിറ്റി ഓണ്‍ സ്‌പൈസസ് ആന്റ് കുലിനറി ഹെര്‍ബ്‌സിന്റെ (സിസിഎസ് സി എച്ച്) ഏഴാമത് സമ്മേളനം കൊച്ചിയില്‍ സമാപിച്ചു. അഞ്ച് ദിവസം നീണ്ട സമ്മേളനത്തില്‍ വിവിധ തലങ്ങളിലായി നടന്ന ചര്‍ച്ചകളിലൂടെ അഞ്ച് സുഗന്ധവ്യഞ്ജനങ്ങളുടെ ആഗോള ഗുണനിലവാരം നിശ്ചിയിക്കുന്ന കോഡെക്സ് മാനദണ്ഡങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി. ഇവ അംഗീകാരത്തിനായി കോഡെക്സ് അലിമെന്റേറിയസ് കമ്മീഷനു സമര്‍പ്പിച്ചു. ഏലം, മഞ്ഞള്‍, തക്കോലം, സര്‍വ്വസുഗന്ധി, ജുനിപര്‍ ബെറി എന്നിവയുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കാണ് അന്തിമ രൂപമായത്. ഇതിനു പുറമെ വാനിലയുടെ കരട് മാനദണ്ഡം തയാറാക്കല്‍ പ്രക്രിയ അഞ്ചാം ഘട്ടത്തിലുമെത്തി. ഇത് ഒരു തവണകൂടി സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും.

ഉണക്ക മല്ലി , പേരേലം, കറുവപ്പട്ട, സ്വീറ്റ് മര്‍ജോറം എന്നിവയുടെ കോഡെക്‌സ് മാനദണ്ഡങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും കമ്മിറ്റി അംഗീകരിച്ചു. വരാനിരിക്കുന്ന സമ്മേളനത്തില്‍ ഈ നാല് സുഗന്ധവ്യഞ്ജനങ്ങളുടെ കരട് മാനദണ്ഡങ്ങള്‍ തയാറാക്കും.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ആദ്യത്തെ ഫിസിക്കല്‍ സമ്മേളനമായിരുന്നു സിസിഎസ് സിഎച്ചിന്റെ ഏഴാം സമ്മേളനം. 31 രാജ്യങ്ങളില്‍ നിന്നുള്ള 109 പ്രതിനിധികള്‍ ഇത്തവണ പങ്കെടുത്തു. സമ്മേളനത്തില്‍ ഏറ്റവു കൂടുതല്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ പങ്കെടുത്തതും ഇത്തവണയാണ്.

കമ്മിറ്റിയുടെ അധ്യക്ഷ പദവി ഇന്ത്യയ്ക്കാണ്. സ്‌പൈസസ് ബോര്‍ഡ് ഇന്ത്യയാണ് സിസിഎസ് സി എച്ച് സെക്രട്ടേറിയറ്റായി പ്രവര്‍ത്തിക്കുന്നത്. ഡോ.എം.ആര്‍.സുദര്‍ശനാണ് സമിതിയുടെ ചെയര്‍മാന്‍. മുമ്പ് നടന്ന ആറ് സമ്മേളനങ്ങളിലായി കമ്മിറ്റി ഇതുവരെ 11 സുഗന്ധവ്യഞ്ജനങ്ങളുടെ കോഡെക്സ് മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. സമിതിയുടെ അടുത്ത യോഗം 18 മാസത്തിനു ശേഷം നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *