കെ സുധാകരനും വി ഡി സതീശനുമെതിരായ കേസുകൾ; പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്


നേതാക്കൾക്ക് മേൽ ചുമത്തിയ കേസുകളിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനും, പ്രതിപക്ഷനേതാവ് വിഡി സതീശനും എതിരായ കേസുകളിലാണ് പാർട്ടി പ്രക്ഷോഭത്തിനിറങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ജില്ലാ പൊലീസ് അസ്ഥാനങ്ങളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും.


എല്‍ ഡി എഫ് സര്‍ക്കാരിന്റെയും സി പി എം നേതാക്കളുടെയും അഴിമതി പുറത്തുകൊണ്ടുവരുന്ന നേതാക്കളെ കള്ളക്കേസെടുത്ത് നിശബ്ദമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ഹീനമായ രാഷ്ട്രീയവേട്ടയ്‌ക്കെതിരെ ജൂലൈ നാലിന് രാവിലെ 10 ന് ഡി സി സികളുടെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.തിരുവനന്തപുരത്ത് ഡി ജി പി ഓഫീസിന് മുന്നില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ മാർച്ചിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും.


കൊല്ലത്ത് പി സി വിഷ്ണുനാഥ് എം എല്‍ എയും പത്തനംതിട്ടയില്‍ കൊടിക്കുന്നില്‍ സുരേഷ് എം പിയും ആലപ്പുഴയില്‍ ബെന്നി ബഹനാന്‍ എം പിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എയും ഇടുക്കിയില്‍ കെ സി ജോസഫും എറണാകുളത്ത് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സനും ഉദ്ഘാടനം ചെയ്യും.



Sharing is Caring