തണുത്തുറഞ്ഞ അന്‍റാര്‍ട്ടിക്കയിലെ ഉയർന്ന കൊടുമുടി കീഴടക്കി കരോലിന്‍ ലിയോണ്‍

തണുത്തുറഞ്ഞ അന്‍റാര്‍ട്ടിക്കയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി കീഴടക്കി ദുബൈയില്‍ താമസക്കാരിയായ ആസ്ട്രേലിയക്കാരി കരോലിന്‍ ലിയോണ്‍.പുതുവര്‍ഷത്തിലാണ് അത്യധികം സാഹസികമായ ദൗത്യത്തിന് ഇവര്‍ പുറപ്പെട്ടത്. 2015ല്‍ വീഴ്ചയെ തുടര്‍ന്ന് നട്ടെല്ലിന് പരിക്കുപറ്റിയ കരോലിന്‍ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവന്ന ഉടനെയാണ് പര്‍വതാരോഹണത്തിന് തയാറായത്. അഗ്നിപര്‍വത സാധ്യതയുള്ള ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് സിഡ്ലിയാണ് കീഴടക്കിയത്.

ഏകദേശം 4,300 മീറ്റര്‍ ഉയരത്തിലാണിത് സ്ഥിതിചെയ്യുന്നത്. അടുത്ത ആറു മാസത്തിനുള്ളില്‍ ലോകമെമ്ബാടും ഏഴ് അഗ്നിപര്‍വത കൊടുമുടികള്‍ കൂടി കയറാന്‍ 37കാരിയായ കരോലിന്‍ പദ്ധതിയിടുന്നുമുണ്ട്.

മൈനസ് 30 ഡിഗ്രിയില്‍ തണുത്തുറഞ്ഞ പ്രദേശത്തെ മലകയറ്റം അപകടം പിടിച്ചതും സാഹസികവുമായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. പലപ്പോഴും കൈകാലുകള്‍ മരവിച്ചുപോയി. എന്നാല്‍ കൂടെയുള്ളവരുടെ സഹായമാണ് ദൗത്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. തണുപ്പ് മാത്രമല്ല, 25കിലോ അവശ്യവസ്തുക്കള്‍ ചുമക്കുന്നതും വലിയ പ്രയാസകരമായ കാര്യം തന്നെയായിരുന്നു -അവര്‍ കൂട്ടിച്ചേര്‍ത്തു. മൗണ്ട് സിഡ്ലി ഇതുവരെ 77പേര്‍ മാത്രമാണ് കീഴടക്കിയിട്ടുള്ളത്. ഇവരില്‍ 18ാമത്തെ സ്ത്രീ കൂടിയാണ് കരോലിന്‍. അഞ്ചുപേരടങ്ങുന്ന സംഘമായാണ് സാഹസിക യാത്ര നടത്തിയത്.

ലോകത്തിലെ ഏഴ് അഗ്നിപര്‍വത കൊടുമുടികളും കീഴടക്കാനുള്ള ചാലഞ്ചിന്‍റെ ഭാഗമായാണ് മൗണ്ട് സിഡ്ലി ആദ്യം കീഴടക്കിയത്. പാപ്വ ന്യൂഗിനിയിലെ മൗണ്ട് ഗിലുവെ (4,367 മീറ്റര്‍), ഇറാനിലെ മൗണ്ട് ദമാവന്ദ്(5,671 മീറ്റര്‍), മെക്സികോയിലെ പിക്കോസ് ഡി ഒറിസാബ(5,636 മീറ്റര്‍), റഷ്യയിലെ എല്‍ബ്രസ്(5,642 മീറ്റര്‍), താന്‍സനിയയിലെ കിളിമഞ്ചാരോ(5,895 മീറ്റര്‍), അര്‍ജന്‍റീന-ചിലി അതിര്‍ത്തിയിലെ ഓജോസ് ഡെല്‍ സലാഡോ (6,893 മീറ്റര്‍) എന്നിവയാണ് ആറു മാസത്തിനിടയില്‍ കീഴടക്കാന്‍ പദ്ധതിയിടുന്നത്.

2015ലെ അപകടത്തെക്കുറിച്ച ചോദ്യത്തിന് മുന്നോട്ടു കൊണ്ടുപോകാന്‍ എനിക്ക് ധൈര്യം നല്‍കിയത് അപകടമാണെന്നാണ് കരോലിന്റെ മറുപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *