മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടിയെടുക്കും:മുഖ്യമന്ത്രി

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്‍പ്പെടെ നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നതിനെക്കുറിച്ച് സംസാരിച്ചത്. മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയ്യാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം പ്രയോജനപ്പെടുത്തി മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണം.

ബൈക്ക് സ്റ്റണ്ട് തടയുന്നതിന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സൈബര്‍ പെട്രോളിംഗ് ശക്തിപ്പെടുത്തണം. ഒന്നിലധികം തവണ കുറ്റകൃത്യം ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് നടപടിയെടുക്കണം. വേഗപ്പൂട്ട് പരിശോധന കര്‍ശനമാക്കണം. നിര്‍ദ്ദേശാനുസരണമുള്ള വേഗതയിലാണ് വാഹനങ്ങള്‍ ഓടിക്കുന്നതെന്ന് ഉറപ്പുവരുത്തണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തം.

ഹെവി വെഹിക്കിളുകളില്‍ ഡാഷ്ബോര്‍ഡ് ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ദേശീയ പാതകളിലും സംസ്ഥാന പാതകളിലും പ്രധാനപ്പെട്ട മറ്റ് പാതകളിലും റോഡ് സുരക്ഷാ ഓഡിറ്റ് നടത്തി റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിവിളക്ക് സ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വ്വഹിക്കണം.ഗുഡ്സ് വാഹനങ്ങള്‍ അമിത ഭാരവും കയറ്റി വരുന്നത് നിയന്ത്രിക്കാന്‍ റവന്യൂ, മൈനിംഗ് ആന്റ് ജിയോളജി, ലീഗല്‍ മെട്രോളജി, മോട്ടോര്‍വാഹന വകുപ്പ്, പോലീസ് എന്നിവര്‍ ഏകോപിതമായി ഇടപെടണം. ഏറ്റവും പുതിയ റിയല്‍ ടൈം ആക്സിഡന്റ് ഡാറ്റ നാറ്റ്പാക്ക് ലഭ്യമാക്കണം. കോമ്പൗണ്ടബിള്‍ ഒഫന്‍സെസ് പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തേണ്ട കുറ്റകൃത്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് ഭേദഗതി ചെയ്യേണ്ടതുണ്ടെങ്കില്‍ നടപടികള്‍ കൈക്കൊള്ളണം.

സ്‌കൂള്‍ കുട്ടികളുടെ വിനോദ സഞ്ചാരത്തിന് തയ്യാറാക്കിയ മാര്‍ഗ്ഗരേഖ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുട്ടികളുടെ സിലബസ്സില്‍ റോഡ് സുരക്ഷ സംബന്ധിച്ച് ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *