ബൈജൂസ് ആപ്പ് കമ്പനി കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു

എഡ്യൂടെക്ക് ഭീമനായ ബൈജൂസ് ആപ്പ് കമ്പനി കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ കേരളത്തിലെ ഏക ഡവലപ്മെന്റ് കേന്ദ്രത്തില്‍നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങി. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ കാര്‍ണിവല്‍ ബില്‍ഡിങ്ങിലാണ് ബൈജൂസ് ഡെവലപ്മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

200 ഓളം ജീവനക്കാരാണ് ഈ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരോടെല്ലാം രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ ജീവനക്കാര്‍ക്കു ബംഗളൂരുവിലേക്കു മാറാനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ടെന്നാണ് ബൈജൂസ് ന്യായീകരിക്കുന്നത്.

വിദ്യാഭ്യാസ ആപ്പ് കമ്പനി ആയ ബൈജൂസ് തിങ്ക് ആന്‍ഡ് ലേണ്‍ നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. ഈ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി 2500ലേറെ ജീവനക്കാരെ പിരിച്ച് വിടാനാണ് കമ്പനി ഉദേശിക്കുന്നത്. ഇതിന്റെ ആദ്യഘട്ട നടപടിയുടെ ഭാഗമായാണ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.

ബൈജൂസിലെ ജീവനക്കാരുടെ പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ടെക്നോപാര്‍ക്കിലെ തൊഴിലാളി കൂട്ടായ്മയായ പ്രതിധ്വനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടനയുടെ പ്രതിനിധികള്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് നേരിട്ട് നിവേദനവും നല്‍കി.

ബൈജൂസിലെ ജീവനക്കാരുമായും പ്രതിധ്വനി പ്രതിനിധികളുമായും ഇന്നലെ ലേബര്‍ കമ്മിഷണര്‍ ചര്‍ച്ച നടത്തി. അടുത്ത ഘട്ടമമെന്ന നിലയില്‍ കമ്പനി മാനേജ്മെന്റുമായി സംസാരിക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് മേല്‍ രാജി സമ്മര്‍ദ്ദം ഉയര്‍ത്തിയതോടെ കമ്പനിക്കു തൊഴില്‍ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസ് പോലും ഇല്ലാതെ ആപ്പ് ഡെവലപ്വര്‍മാരെ പിരിച്ചുവിടുകയാണെന്ന് ജീവനക്കാര്‍ പറയുന്നു.

നഷ്ടപരിഹാരമായി മൂന്നു മാസത്തെ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. അഞ്ചു ശതമാനം ജീവനക്കാരെ കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ രാജി ആവശ്യപ്പെട്ടിട്ടുള്ളതെന്നും ബൈജൂസ് വക്താവ് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *