തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിപ്പിച്ച ബസ് യാത്രാ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് ആറില്‍ നിന്ന് ഏഴു രൂപയായും ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടേത് എട്ടില്‍ നിന്നു 10 രൂപയുമായാണു വര്‍ധിപ്പിച്ചിരിക്കുന്നത്. ഓര്‍ഡിനറി നിരക്ക് കിലോമീറ്ററിന് 58 പൈസയില്‍ നിന്ന് 64 ആയും ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചര്‍ നിരക്കുകള്‍ 62ല്‍ നിന്ന് 68 പൈസയായും ഉയര്‍ത്തിയിട്ടുണ്ട്.
സൂപ്പര്‍ ഫാസ്റ്റിന്റെ മിനിമം ചാര്‍ജ് 12നിന്ന് 13 രൂപയായും സൂപ്പര്‍ എക്‌സ്പ്രസിന്റേത് 17ല്‍ നിന്ന് 20 രൂപയായും സൂപ്പര്‍ ഡീലക്‌സിന്റേത് 25ല്‍ നിന്ന് 28 രൂപയായും വര്‍ധിക്കും. ലക്ഷ്വറി, വോള്‍വോ ബസുകളുടെ മിനിമം നിരക്ക് 40 ആയും മള്‍ട്ടി ആക്‌സില്‍ സര്‍വീസുകളുടെ മിനിമം നിരക്ക് 70 രൂപയുമായാണ് വര്‍ധിക്കുന്നത്.
സൂപ്പര്‍ ഫാസ്റ്റിന്റെ കിലോനീറ്റര്‍ നിരക്ക് 65ല്‍ നിന്ന് 72 പൈസയായും സൂപ്പര്‍ എക്‌സ്പ്രസിന്റേത് 70ല്‍ നിന്ന് 77 പൈസയായും വര്‍ധിപ്പിച്ചു. സൂപ്പര്‍ ഡീലക്‌സിന്റേത് 80ല്‍ നിന്ന് 88 പൈസയായും ലക്ഷ്വറിയുടേത് ഒരു രൂപയില്‍ നിന്ന് 1.10 രൂപയായും വോള്‍വോ 1.30 രൂപയായും, മള്‍ട്ടി ആക്‌സില്‍ 1.91 രൂപയായുമാണ് കിലോമീറ്റര്‍ ചാര്‍ജ് വര്‍ധിക്കുന്നത്.

