താമരശ്ശേരി അടിവാരത്ത് ബസ് ജീപ്പിലിടിച്ച് മൂന്ന് കുട്ടികളടക്കം ആറ് മരണം; നിരവധി പേര്‍ക്ക് പരുക്ക്


കോഴിക്കോട് താമരശേരി ചുരത്തിനു താഴെ അടിവാരത്ത് ബസ് ജീപ്പിലിടിച്ച് ആറുപേർ മരിച്ചു. ഇവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. നിരവധി പേർക്കു പരുക്കേറ്റു. ഇവരില്‍ ഏതാനും പേരുടെ നില ഗുരുതരമാണ്.
കൊടുവള്ളി കരുവൻപൊയിൽ വടക്കേക്കര വീട്ടിൽ അബ്ദുറഹിമാൻ (അറു – 63), ഭാര്യ സുബൈദ (57), അബ്ദുറഹിമാന്റെ മകൻ ഷാജഹാന്റെ മകൻ മുഹമ്മദ് നിഷാൻ (8), ഷാജഹാന്റെ സഹോദരി നഫീസയുടെ മകൾ ഹനാ ഫാത്തിമ (11), മറ്റൊരു സഹോദരിയുടെ മകൾ ജസ (ഒന്ന്), ഒടുവന്‍ചാല്‍ സ്വദേശി പ്രമോദ് എന്നിവരാണ് മരിച്ചത്.


അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവർ ഉൾപ്പെടെ പരുക്കേറ്റവരെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ കഴിയുന്ന രണ്ടു പേരുടെ നില ഗുരുതരമാണ്. മൃതദേഹങ്ങൾ അടിവാരത്തിനു സമീപം കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രി, താമരശ്ശേരി താലൂക്ക് ആശുപത്രി, കോഴിക്കോട് മെ‍ഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണ്.


വിദേശത്തായിരുന്ന ഷാജഹാൻ അടുത്തിടെ നാട്ടിലെത്തി പുതുതായി വാങ്ങിയ ജീപ്പുമായി വയനാട്ടിലെ ബന്ധുവീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം. കോഴിക്കോടു നിന്ന് സുൽത്താൻ ബത്തേരിയിലേക്കു പോവുകയായിരുന്ന രാജഹംസം എന്ന സ്വകാര്യ ബസാണ് ജീപ്പിൽ ഇടിച്ചത്. ഉച്ചകഴിഞ്ഞ് 2.30–ഓടെയായിരുന്നു അപകടം. കനത്ത മഴയിൽ ബസിന് നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്ന് ദൃസാക്ഷികൾ പറയുന്നു.



Sharing is Caring