തലച്ചോറിലെ അന്യൂറിസം; അതിനൂതന പ്രൊസീജിയർ വിജയകരമാക്കി കിംസ്ഹെൽത്ത്


തലച്ചോറില്‍ അന്യൂറിസം ബാധിച്ച് ഗുരുതരവസ്ഥയിലായിരുന്ന 56കാരിയിൽ അതിനൂതന ചികിത്സയുമായി കിംസ്‌ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം. തലചുറ്റൽ, കടുത്ത തലവേദന, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിനിയായ രോഗിയെ അടിയന്തിരമായി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിശദപരിശോധനയിൽ രോഗിയുടെ തലച്ചോറിന്റെ താഴ്ഭാഗത്തെ പ്രധാന രക്തധമനികളിലൊന്നില്‍ 5 മില്ലിമീറ്റർ നീളവും 4 മില്ലിമീറ്റർ വീതിയുമുള്ള അന്യൂറിസം കണ്ടെത്തി. സഞ്ചിയുടെ രൂപത്തിലുണ്ടായിരുന്ന അന്യൂറിസം പൊട്ടിയ നിലയിലായിരുന്നു. തുടർന്ന് ‘ബലൂൺ-അസ്സിസ്റ്റഡ് കോയിലിങ്’ എന്ന അതിനൂതന പ്രൊസീജിയർ വഴി രോഗാവസ്ഥ ഭേദമാക്കുകയിരുന്നു.


തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികളില്‍ ഉണ്ടാകുന്ന വീക്കമാണ് അന്യൂറിസം. അന്യൂറിസങ്ങളിലെ ഏറ്റവും സങ്കീർണ്ണത നിറഞ്ഞ ലെഫ്റ്റ് കമ്മ്യൂണിക്കേറ്റിങ് സാക്കുലർ അന്യൂറിസമായിരുന്നു രോഗിയിൽ കണ്ടെത്തിയത്. തുടർച്ചയായ രക്തസ്രാവം സ്‌ട്രോക്കിലേക്കും അതുവഴി മരണത്തിലേക്ക് വരെ നയിച്ചേക്കാം. പ്രമേഹവും ഹൈപ്പർടെൻഷനുമാണ് പ്രധാനമായും ഇത്തരത്തിലുള്ള അന്യൂറിസത്തിലേക്ക് നയിക്കുന്നതെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സന്തോഷ് ജോസഫ് പറഞ്ഞു. അതിവേഗം ആശുപത്രിയിലെത്തിച്ചതിനാലും കൃത്യമായ രോഗനിര്‍ണ്ണയം സാധ്യമായതിനാലുമാണ് രോഗിയെ രക്ഷിക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


തുടഭാഗത്ത് സൂചിയുടെ വലുപ്പത്തിലുള്ള ദ്വാരത്തിലൂടെ കത്തീറ്റർ കടത്തി വിടുകയും കരോട്ടിഡ് ധമനയിലൂടെ അന്യൂറിസത്തിലേക്ക് എത്തുകയുമായിരുന്നു. ഈ കത്തീറ്ററിനുള്ളിലൂടെ തന്നെ 0.25 മില്ലിമീറ്ററിന് താഴെ മാത്രം വലുപ്പമുള്ള മറ്റൊരു മൈക്രോകത്തീറ്റർ കടത്തിവിടുകയും സഞ്ചിയുടെ രൂപത്തിലുണ്ടായിരുന്ന അന്യൂറിസത്തിൽ ബലൂൺ പോലുള്ളൊരു ഉപകരണം വികസിപ്പിച്ച് പ്ലാറ്റിനം കോയിലുകൾ നിറച്ച് രക്തസ്രാവം തടയുകയുമായിരുന്നു. ചെറിയൊരു പിഴവ് പോലും കൂടുതൽ സങ്കീർണ്ണതകളിലേക്ക് നയിക്കാമെന്ന സാഹചര്യത്തിൽ അത്യാധുനിക ത്രീഡി ഫ്ലൂറോസ്കോപിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ പ്രൊസീജിയർ പൂർത്തീകരിച്ചത്. ഇത്തരം അന്യൂറിസം ചികിത്സിക്കുന്നതിനായി സാധാരണയായി തലയോട്ടി തുറന്നുള്ള സങ്കീർണ്ണ ശസ്ത്രക്രിയാരീതികളാണ് സ്വീകരിച്ചിരുന്നത്. എന്നാൽ ഈ എൻഡോവാസ്കുലാർ രീതിയിലൂടെ ശസ്ത്രക്രിയയോ ശരീരത്ത് പാടുകളോ നീണ്ട ആശുപത്രി വാസമോ ഇല്ലാതെ രോഗം ഭേദമാക്കാൻ സാധിക്കും – ഡോ. സന്തോഷ് ജോസഫ് അഭിപ്രായപ്പെട്ടു.

ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി സീനിയർ കൺസൽട്ടൻറ് ഡോ. മനീഷ് കുമാർ യാദവ്, ഇമേജിങ് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം ചീഫ് കോർഡിനേറ്ററും സീനിയർ കൺസൾട്ടന്റുമായ ഡോ. മാധവൻ ഉണ്ണി, ന്യൂറോ അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ശരത് സുരേന്ദ്രൻ എന്നിവർ ചികിത്സയുടെ ഭാഗമായി.



Sharing is Caring