ബലാറസിലേക്ക് ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള ഉടമ്ബടിയില്‍ ഒപ്പിട്ട് റഷ്യയും ബലാറസും. വിന്യസിച്ചശേഷവും ആയുധങ്ങളുടെ നിയന്ത്രണം റഷ്യക്കുതന്നെ ആയിരിക്കുമെന്നും വ്യാഴാഴ്ച ഒപ്പിട്ട കരാറില്‍ പറയുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും ബലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെൻകോയും തമ്മില്‍ നേരത്തേ എത്തിച്ചേര്‍ന്ന ധാരണയാണ് ഇതോടെ ഔദ്യോഗിക തീരുമാനമായി മാറിയത്.

വീര്യം കുറഞ്ഞ, ഹ്രസ്വദൂര ആണവായുധങ്ങള്‍ സഖ്യരാജ്യമായ ബലാറസില്‍ സ്ഥാപിക്കുമെന്ന് പുടിൻ മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. ഉക്രയ്നെ മറയാക്കി ശത്രുരാജ്യങ്ങള്‍ തങ്ങള്‍ക്കെതിരെ നടത്തുന്ന സംഘടിത ആക്രമണങ്ങളോടുള്ള പ്രതികരണമാണ് ഇതെന്ന് ബലാറസ് പ്രതിരോധ മന്ത്രി വിക്ടര്‍ ഖ്രെനിൻ മിൻസ്കില്‍ പറഞ്ഞു. യുദ്ധത്തില്‍ ഉപയോഗിക്കുന്ന, പ്രഹരശേഷി കുറവുള്ള ആണവായുധങ്ങളാണ് ബലാറസില്‍ എത്തിക്കുന്നത്.
ജൂലൈ ഒന്നിനകം ഇവയുടെ വിന്യാസം പൂര്‍ത്തിയാകും. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് ബലാറസ്, ഉക്രയ്ൻ, കസാഖ്സ്ഥാൻ എന്നിവിടങ്ങളില്‍ ഉണ്ടായിരുന്ന ആണവായുധങ്ങള്‍ റഷ്യയിലേക്ക് മാറ്റിയിരുന്നു.ബല്‍ജിയം, ജര്‍മനി, ഗ്രീസ്, ഇറ്റലി, നെതര്‍ലാൻഡ്സ്, തുര്‍ക്കിയ എന്നിവിടങ്ങളില്‍ അമേരിക്ക ആണവായുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്.
