വിവാദ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യിക്കാന്‍ ബിജെപി നീക്കം


ലണ്ടനില്‍ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യിക്കാന്‍ ബിജെപി നീക്കം. ഇതിന്റെ ഭാഗമായി രാഹുലിന്റെ ലോക്സഭാ അംഗത്വം റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി.സമാനമായ രീതിയില്‍ 2005-ല്‍ രൂപീകരിച്ച പ്രത്യേക സമിതി 11 എംപിമാരുടെ അംഗത്വം റദ്ദാക്കിയ നടപടി ചൂണ്ടിക്കാണിച്ചാണ് ദുബെയുടെ ആവശ്യം. രാഹുലിനെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കേണ്ട സമയമായെന്ന് അദ്ദേഹം പറഞ്ഞു.


യൂറോപ്പിലും അമേരിക്കയിലും നടത്തിയ പരാമര്‍ശങ്ങളിലൂടെ രാഹുല്‍ രാജ്യത്തിന്റെയും പാര്‍ലമെന്റിന്റെയും അന്തസ്സ് നഷ്ടപ്പെടുത്തിയതായി ദുബെ ആരോപിച്ചു.രാഹുല്‍ ഗാന്ധി സ്പീക്കര്‍ക്ക് മാപ്പെഴുതി നല്‍കണമെന്നും അതിനു ശേഷമേ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാവൂ എന്നും പാര്‍ലമെന്ററികാര്യമന്ത്രി പ്രള്‍ഹാദ് ജോഷി ആവശ്യപ്പെട്ടു. എന്നാല്‍ അദാനി വിഷയം ഉന്നയിക്കാന്‍ രാഹുല്‍ ഗാന്ധിയെ അനുവദിക്കണം എന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.രാഹുല്‍ ഗാന്ധിക്ക് ദില്ലി പൊലീസ് നല്‍കിയ നോട്ടീസ് ജനാധിപത്യവിരുദ്ധ നീക്കങ്ങളുടെ തെളിവാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. നിയമപരമായി വിഷയത്തെ നേരിടും എന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.




Sharing is Caring