പൊതുപരിപാടിയിൽ വെച്ച് ദളിത് ഗ്രാമമുഖ്യനെ ബിജെപി എംഎൽഎ ജാതീയമായി അപമാനിച്ചെന്ന് ആരോപണം


ഹൈദരാബാദ് പൊതുപരിപാടിയിൽ വെച്ച് ദളിത് ഗ്രാമമുഖ്യനെ ബിജെപി എംഎൽഎ ജാതീയമായി അപമാനിച്ചുവെന്ന് ആരോപണം. ആന്ധ്രാപ്രദേശിലെ ബിജെപി എംഎൽഎ പി വി പാർത്ഥസാരഥിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഗ്രാമമുഖ്യൻ ദളിതനാണെന്ന് അറിഞ്ഞതോടെ സ്റ്റേജിലേക്ക് വിളിച്ചുകയറ്റുന്നതിന് പകരം താഴെ നിൽക്കാൻ എംഎൽഎ പറയുകയായിരുന്നുവെന്നാണ് ആരോപണം.ജൂൺ 16ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആന്ധ്രയിലെ അധോനി മണ്ഡലത്തിലെ എംഎൽഎയാണ് പാർത്ഥസാരഥി.


മണ്ഡലത്തിലെ ഒരു പൊതുപരിപാടിക്കിടെ എംഎൽഎ ഗ്രാമമുഖ്യനെവിടെയെന്ന് ചോദിക്കുന്നത് വീഡിയോയിൽ കാണാം. അപ്പോഴെല്ലാം വേദിയിലേക്ക് വരാൻ ആവശ്യപ്പെട്ടുകൊണ്ടാണ് എംഎൽഎ വിളിക്കുന്നത്.തുടർന്ന് ഗ്രാമമുഖൻ ക്രിസ്ത്യാനിയാണോ എന്ന് എംഎൽഎ ചോദിച്ചു. ഇതിന് ഗ്രാമമുഖ്യൻ ക്രിസ്ത്യാനിയല്ല എന്നും ദളിതനാണ് എന്നും തൊട്ടടുത്തുള്ള ടിഡിപി വനിതാ നേതാവ് മറുപടി നൽകുന്നുണ്ട്. ശേഷം വേദിക്ക് താഴെ എന്നതരത്തിൽ കൈ ചൂണ്ടിക്കാണിച്ച ശേഷം ഗ്രാമമുഖ്യനോട് അവിടം നിൽക്കാൻ എംഎൽഎ പറയുകയായിരുന്നു. വിഷയത്തിൽ വലിയ വിമർശനമാണ് എംഎൽഎയ്‌ക്കെതിരെ ഉയരുന്നത്. സാമൂഹികമാധ്യമങ്ങളിലാകെ സംഭവം ചർച്ചയായിരിക്കുകയാണ്.




Sharing is Caring