ശാസ്ത്രം കള്ളം; ജ്യോതിഷം സത്യം: ബി.ജെ.പി എം.പിയുടെ പ്രസ്താവന വിവാദത്തിലേക്ക്


ramesh bjp (2)ന്യൂദല്‍ഹി: ശാസ്ത്രം കള്ളവും ജ്യോതിഷം സത്യവുമെന്ന ബി.ജെ.പി എം.പിയുടെ പ്രസ്താവന വിവാദത്തിലേക്ക്.


പാര്‍ലമെന്റിനകത്തു വച്ച് ചര്‍ച്ച നടക്കുന്നതിനിടെയാണ് ബി.ജെ.പി എം.പിയും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ രമേശ് ജ്യോതിഷത്തെ കൊണ്ടും ശാസ്ത്രത്തെ തള്ളിയും സംസാരിച്ചത്.


പാര്‍ലമെന്റിനകത്തു തന്നെ രൂക്ഷമായ വിമര്‍ശനങ്ങളാണ് രമേശിനെതിരെ ഉയര്‍ന്നത്. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് വിവിധ നേതാക്കളും, സാംസ്‌ക്കാരിക- സാമൂഹിക പ്രവര്‍ത്തകരും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി.

സ്‌ക്കൂള്‍ ഓഫ് പ്ലാനിങ് ആന്റ് ആര്‍ക്കിടെക്ചര്‍ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച നടക്കവേയാണ് രമേശിന്റെ വിവാദ പ്രസ്താവന വന്നത്. ലോകത്തെ ശാസ്ത്രങ്ങളില്‍ ആദ്യം നില്‍ക്കുന്നത് ജ്യോതി ശാസ്ത്രമാണെന്നും ജ്യോതിഷികള്‍ക്കു മുമ്പില്‍ ശാസ്ത്രം കള്ളമാണെന്നുമാണ് രമേശ് അഭിപ്രായപ്പെട്ടത്.

ആണവ പരീക്ഷണങ്ങളുടെ കാര്യത്തിലാണെങ്കില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് യോഗി കണാദ് അണു പരീക്ഷണം നടത്തിയിരുന്നുവെന്നും രമേശ് പറഞ്ഞു.

പ്രസ്താവനയെ തുടര്‍ന്ന് തൃണമൂല്‍, ഇടതു കക്ഷികള്‍ പാര്‍ലമെന്റില്‍ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തി.



Sharing is Caring