ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസിനെതിരെ പരാതിയുമായി ബിജെപി നേതാക്കള്‍


കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസിനെതിരെ പരാതിയുമായി ബംഗാളിലെ ഒരു വിഭാഗം ബിജെപി നേതാക്കള്‍.മമതാ ബാനര്‍ജിയുടെ ആഗ്രഹത്തിനനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ചില ബിജെപി നേതാക്കള്‍ പറയുന്നത്. ഗവര്‍ണര്‍ക്ക് പ്രത്യേക രാഷ്‌ട്രീയ താല്‍പര്യങ്ങളുണ്ടെന്ന് ബിജെപി നേതാവ് സ്വ‌പന്‍ ദാസ്‌ഗുപ്‌ത ആരോപിച്ചു. മമതാ ബാനര്‍ജിയുടെ സിറോക്‌സ് കോപ്പിയാണ് സി.വി ആനന്ദ ബോസെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം.


രാജ്‌ഭവനില്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ‘ഹാതെ ഖോരി’ എന്ന പേരില്‍ ഒരു വിദ്യാഭ്യാസ പരിപാടി നടത്തിയിരുന്നു. റിപബ്ളിക് ദിനത്തില്‍ നടന്ന ഈ ചടങ്ങില്‍ പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരി പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചിരുന്നു. ചടങ്ങില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കുകയും ചെയ്‌തിരുന്നു. ഇതോടെ ആനന്ദ ബോസ് തൃണമൂലുമായി അടുക്കുകയാണെന്ന് ഒരുവിഭാഗം ബിജെപി നേതാക്കള്‍ കരുതുന്നു. ഇതോടൊപ്പം സി.വി ആനന്ദ ബോസിനെ ഗവര്‍ണറായി നിശ്ചയിച്ച കേന്ദ്ര നേതൃത്വ തീരുമാനത്തെ ബിജെപി നേതാക്കള്‍ ചോദ്യം ചെയ്യുകയുമുണ്ടായി.




Sharing is Caring