ഫറോക്ക്: കോര്‍പറേഷന്റെ മാലിന്യ സംസ്കരണ കേന്ദ്രമായ ഞെളിയന്‍പറമ്ബില്‍ എത്തിയ ബി.ജെ.പി കൗണ്‍സിലര്‍മാരെയും മാധ്യമപ്രവര്‍ത്തകരെയും പൂട്ടിയിട്ടു.
പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ നല്ലളം പൊലീസ് ഇവരെ തുറന്നുവിട്ടു. തിങ്കളാഴ്ച വൈകീട്ടാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍മാരായ ടി. റിനീഷ്, ശിവപ്രസാദ്, സരിത പറയേരി, നവ്യ ഹരിദാസ്, സത്യഭാമ, ഇവരോടൊപ്പമെത്തിയ ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ഷിജു പിണ്ണാറത്ത്, ബി.ജെ.പി പ്രവര്‍ത്തകരായ സാബുലാല്‍, സുനിഷ, ഷൈമ, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെയാണ് ഞെളിയന്‍പറമ്ബിനുള്ളില്‍ പൂട്ടിയിട്ടത്.
ബ്രഹ്മപുരം മാലിന്യകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇവര്‍ സന്ദര്‍ശിക്കാനെത്തിയത്.കഴിഞ്ഞ ആഴ്ച ഞെളിയന്‍പറമ്ബിലും തീപിടിത്തമുണ്ടായ സംഭവത്തില്‍ അടുത്തദിവസം നടക്കുന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഞെളിയന്‍ പറമ്ബിലെ നിലവിലെ അവസ്ഥയെപ്പറ്റി പഠിക്കാനെത്തിയതായിരുന്നു കൗണ്‍സിലര്‍മാര്‍. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ ഞെളിയന്‍പറമ്ബില്‍ എത്തിയ ഇവര്‍ക്ക് സെക്യൂരിറ്റി ജീവക്കാരന്‍തന്നെയാണ് ഗേറ്റ് തുറന്നുകൊടുത്തത്.
ഉള്ളില്‍ കയറി അവിടെ ചുറ്റിക്കണ്ടതിനുശേഷം നാലരയോടെ ഗേറ്റിനടുത്ത് എത്തിയപ്പോള്‍ ഗേറ്റ് പൂട്ടിയിട്ട നിലയിലാണ്. സെക്യൂരിറ്റി ജീവനക്കാരനോട് വിവരം തിരക്കിയപ്പോള്‍ കോര്‍പറേഷന്‍ ഓഫിസില്‍നിന്നും ഉദ്യോഗസ്ഥന്മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൂട്ടിയിട്ടതെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു.സംഭവമറിഞ്ഞ് ഗേറ്റിനുപുറത്ത് ബി.ജെ.പി പ്രവര്‍ത്തകരും തടിച്ചുകൂടി. ബി.ജെ.പി ജില്ല നേതൃത്വവും ഇടപെട്ടു.
തുടര്‍ന്ന് സ്ഥലത്തെത്തിയ നല്ലളം പൊലീസ് ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പൂട്ടിയിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ 10ന് ഞെളിയന്‍പറമ്ബിലേക്ക് ബി.ജെ.പി ബേപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.












