കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. അദ്ദേഹം ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയുമെന്നാണ് സൂചന. ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറുമായി അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് തീരുമാനമെന്ന് സൂചനയുണ്ട്.
പല വിഷയങ്ങളിലും മന്ത്രി ഗണേഷ് കുമാര്‍ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയപ്പോള്‍ അത് മാനേജ്‌മെന്റിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.
ഈ സാഹചര്യത്തില്‍ ബിജു പ്രഭാകറിന് ആദ്യം മുതല്‍ തന്നെ തന്നെയും മാറ്റണം എന്ന നിലപാടാണ് ഉണ്ടായിരുന്നത്. ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട വിഷയത്തിലും ഗണേഷ് കുമാറിന്റെ നിലപാട് ഭിന്നത രൂക്ഷമാക്കിയിരുന്നു.വിദേശ സന്ദര്‍ശനത്തിലായിരുന്ന ബിജു പ്രഭാകര്‍ മടങ്ങിയെത്തിയതിനു പിന്നാലെയാണ് എംഡി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി അന്തിമ തീരുമാനം കൈക്കൊള്ളും.
കഴിഞ്ഞ മാസം 28ന് ആണ് ബിജു പ്രഭാകര്‍ വിദേശത്തു നിന്ന് മടങ്ങി എത്തിയത്. അതിന് ശേഷം ബിജു പ്രഭാകര്‍ കെഎസ്ആര്‍ടിസി ഓഫീസില്‍ പോവുകയോ ഫയലുകളില്‍ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല.ലാഭകരമല്ലാത്ത ഇലക്ട്രിക് ബസ് ഇനി വാങ്ങില്ലെന്ന മന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മന്ത്രിക്ക് ലഭിക്കുന്നതിന് മുമ്പെ മാദ്ധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ലഭിച്ചുവെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഇലക്ട്രിക് ബസിലടകം നയപരമായ പല കാര്യങ്ങളിലും മന്ത്രി ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസമാണ് എംഡി സ്ഥാനം ഒഴിയാന്‍ കാരണമെന്നാണ് സൂചന.