ബിഹാറിലെ സമസ്തിപൂരില്‍ കോടതി പരിസരത്ത് വെടിവയ്പ്പില്‍ 2 പേര്‍ക്ക് പരിക്ക്


ബിഹാറിലെ സമസ്തിപൂരില്‍ കോടതി പരിസരത്ത് വെടിവയ്പ്പില്‍ 2 പേര്‍ക്ക് പരിക്ക്. കോടതി വളപ്പില്‍ അതിക്രമിച്ച് കയറിയ 4 പേരാണ് വെടിയുതിര്‍ത്തത്. ജയില്‍പുള്ളികളായ 2 പേര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ശനിയാഴ്ചയാണ് കോടതി വളപ്പില്‍ വെടിവയ്പുണ്ടായത്.


അനധികൃത മദ്യ വില്‍പനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രഭാത് ചൌധരി എന്നയാളെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു വെടിവയ്‌പെന്നാണ് പുറത്ത് വരുന്ന വിവരം. ഇയാളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടയിലാണ് വെടിവയ്പുണ്ടായത്.വെടിവയ്പില്‍ പ്രഭാതിന് പരിക്കുണ്ട്. പരിക്കേറ്റവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. അക്രമികള്‍ കോടതി പരിസരത്ത് നിന്ന് രക്ഷപ്പെട്ടതായാണ് വിവരം.


സംഭവത്തിന് പിന്നില്‍ അനധികൃത മദ്യ മാഫിയ സംഘങ്ങള്‍ തമ്മിലുള്ള ശത്രുതയാണ് കാരണമെന്നാണ് പൊലീസ് ഭാഷ്യം. പ്രഭാത് ചൌധരിയെ കോടതിയിലേക്ക് കൊണ്ടുപോവുകയും കോടതിയിലെ കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടേയും അശ്രദ്ധയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് എസ്പി വിനയ് തിവാരി വിശദമാക്കുന്നത്. വെടിവയ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്.



Sharing is Caring