ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കാനായില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണമെന്ന് ബെവ്കോയോട്- ഹൈക്കോടതി

ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കാനായില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണമെന്ന് ബെവ്കോയോട് നിർദ്ദേശിച്ച് ഹൈക്കോടതി. ഉപഭോക്താക്കൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യം ഒരുക്കണമെന്നും കോടതി നിർദേശിച്ചു.

മദ്യം വാങ്ങാനെത്തുന്ന ജനങ്ങളെ പകർച്ചവ്യാധിക്ക് മുന്നിലേക്ക് വിടാനാകില്ല. മദ്യം വാങ്ങുന്നവരുടെ കുടുംബങ്ങളെയും ആലോചിക്കണം. ഒന്നുകിൽ ആൾക്കൂട്ടം നിയന്ത്രിക്കുക അല്ലെങ്കിൽ പൂർണമായി അടച്ചിടുക എന്നതാണ് മുന്നിലുള്ള മാർഗം.

മദ്യം വാങ്ങാനെത്തുന്നവർക്ക് അസുഖം വന്നോട്ടെയെന്ന് കരുതാനാകില്ലെന്നും മറ്റു മാർഗങ്ങൾ ഇല്ലാത്ത അവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു. മദ്യശാലകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

സൗകര്യങ്ങളില്ലാത്ത മദ്യ ഷോപ്പുകൾ മാറ്റി സ്ഥാപിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. സൗകര്യമില്ലെന്ന് കണ്ടെത്തിയ ഷോപ്പുകൾക്ക് എല്ലാം അനുമതി നൽകിയത് എക്സൈസ് കമ്മീഷണറാണെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രണ്ടു മാസം വേണമെന്നും ബെവ്‌കോ അറിയിച്ചു. സെപ്റ്റംബർ രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.

അതിനിടെ മദ്യം വാങ്ങാന്‍ ഒരു ഡോസ് വാക്സിനെടുക്കുകയോ, ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ വേണമെന്ന നിബന്ധന ഇന്നുമുതൽ പ്രാബല്യത്തില്‍ വന്നു. ഔട്ട്ലെറ്റുകള്‍ക്ക് മുന്നിൽ നോട്ടീസ് പതിക്കുമെന്ന് ബെവ്കോ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *