വ്യാജ എല്‍.എസ്.ഡി സ്റ്റാംപ് കേസില്‍ തന്നെ കുടുക്കിയത് ആരാണെന്ന് അറിയണം;ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണി


ചാലക്കുടിയിലെ വ്യാജ എല്‍.എസ്.ഡി സ്റ്റാംപ് കേസില്‍ തന്നെ കുടുക്കിയത് ആരാണെന്ന് അറിയണമെന്ന് ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണി. ഷീല കേസില്‍ കുടുങ്ങിയിട്ട് ഫെബ്രുവരി 27 ന് ഒരു വര്‍ഷം തികയുകയാണ്. മരുമകളുടെ സഹോദരിയുടെ സുഹൃത്തിനെ എക്‌സൈസ് ക്രൈംബ്രാഞ്ച് സംഭവത്തില്‍ പ്രതി ചേര്‍ത്തിരുന്നു.


തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ വിവരം കൈമാറിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസില്‍എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ കൊല്ലം ഫെബ്രുവരി 27 നായിരുന്നു ഷീലാ സണ്ണിയെന്ന ബ്യൂട്ടിപാര്‍ലര്‍ ഉടമയുടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത്. ബൈക്കിലും ബാഗിലും എല്‍എസ്ഡി സ്റ്റാമ്പുമായി അവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പിന്നീട് കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ സ്റ്റാംപ് ലഹരിയല്ലെന്ന് തെളിഞ്ഞു. എന്നിട്ടും ഷീല ജയിലില്‍ കിടന്നത് 72 ദിവസം.


എക്‌സൈസ് പ്രതിക്കൂട്ടിലായതോടെ വ്യാജ ലഹരിയുടെ സന്ദേശം വന്നത് എവിടെ നിന്ന് എന്നായി അന്വേഷണം.ഒടുവില്‍ എക്‌സൈസ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഉറവിടം കണ്ടെത്തി. തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ കേസിന് പിന്നിലെന്ന് കണ്ടെത്തി. ഷീലയുടെ ബന്ധുവിന്റെ സുഹൃത്താണ് നാരായണദാസ്. ഇയാളെ എക്‌സൈസ് പ്രതി ചേര്‍ത്തെങ്കിലും കള്ളക്കേസില്‍ കുടുക്കിയതിന്റെ കാരണം പുറത്തു വന്നിട്ടില്ല. അതറിയണമെന്നാണ് ഷീലാ സണ്ണി ആവശ്യപ്പെടുന്നത്.



Sharing is Caring