ഒരു ഘട്ടത്തില്‍ ലോകത്തെ വികസിത രാജ്യങ്ങള്‍ക്ക് പോലും മാതൃകയായി കേരളം നടത്തിയ കോവിഡിനെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ വിജയം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സമൂഹവ്യാപനമുണ്ടായിട്ടുണ്ട് എന്ന കാര്യം സര്‍ക്കാരും അംഗീകരിച്ചുകഴിഞ്ഞു. തലസ്ഥാനനഗരമായ തിരുവനന്തപുരവും നഗരം ഉള്‍ക്കൊള്ളുന്ന തിരുവനന്തപുരം ജില്ലയുമാണ് നിലവില്‍ ഏറ്റവും മോശമായ അവസ്ഥയില്‍. കേരളത്തിന്റെ വിജയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച ബിബിസിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്, കോവിഡിനെതിരായ ചെറുത്തുനില്‍പ്പില്‍ കേരളം കൈവരിച്ച വിജയം എങ്ങനെ തിരിച്ചുപോക്കിന്റെ വഴിയിലായി എന്നാണ്. ബിബിസി ഇന്ത്യ കറസ്‌പോണ്ടന്റ് സൗതിക്ക് ബിശ്വാസിന്റേതാണ് റിപ്പോര്‍ട്ട്. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന, തീരപ്രദേശത്തെ പൂന്തുറ മേഖലയിലെ അതീവ ഗുരുതര സാഹചര്യത്തെക്കുറിച്ച് പറഞ്ഞാണ് റിപ്പോര്‍ട്ട് തുടങ്ങുന്നത്.
രാജ്യത്തെ ആദ്യത്തെ കോവിഡ് കേസ് ജനുവരി 30ന് റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ മേയ് ആദ്യത്തോടെ കേസുകള്‍ നിയന്ത്രണവിധേയമായിരുന്നു. പരിശോധനകളും ക്വാറന്റൈന്‍ നടപടികളും ഫലപ്രദമായിരുന്നു. ഒരു കേസ് പോലുമില്ലാത്ത പല ദിവസങ്ങളുണ്ടായി. മാധ്യമങ്ങള്‍ കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളെ പുകഴ്ത്തി. കേരളം ഒരു വൈറല്‍ അദ്ഭുതം കാണിച്ചിരിക്കുന്നു എന്നാരോ പറഞ്ഞത് ഓര്‍ക്കുന്നതായി പ്രമുഖ പകര്‍ച്ചവ്യാധി വിദഗ്ധരിലൊരാളായ (എപ്പിഡെമിയോളജിസ്റ്റ്) ഡോ.ജയപ്രകാശ് മൂളിയില്‍ ബിബിസിയോട് പറഞ്ഞു. കേരളം 1000 കേസുകളെത്താന്‍ 110 ദിവസം വേണ്ടിവന്നു. എന്നാല്‍ ജൂണില്‍ സ്ഥിതി മാറിത്തുടങ്ങി. ജൂലായ് പകുതി കഴിഞ്ഞപ്പോള്‍ കേരളം 12000 കേസുകള്‍ കടന്നിരിക്കുന്നു. 1.70 ലക്ഷത്തിലധികം പേര്‍ ക്വാറന്റൈനിലാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രവാസികള്‍ വലിയ തോതില്‍ തിരിച്ചെത്തിയത് കേസുകള്‍ വലിയ തോതില്‍ കൂടാന്‍ കാരണമായതായി വിദഗ്ധര്‍ വിലയിരുത്തുന്നു. കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തവയില്‍ 7000ലധികം കേസുകളും ട്രാവല്‍ ഹിസ്റ്ററിയുള്ളതാണ്.

അതേസമയം മേയ് ആദ്യവാരം മുതല്‍ തന്നെ സമ്ബര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം തുടങ്ങിയിരുന്നു. ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്ത് 821 പോസിറ്റീവ് കേസുകളില്‍ 640ലധികം സമ്ബര്‍ക്കത്തിലൂടെയാണ് വന്നിരിക്കുന്നത്. 43 എണ്ണം ഉറവിടമറിയാത്തവയാണ്. ടെസ്റ്റുകള്‍ കേരളം വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഏപ്രിലിലെ പ്രതിദിന ടെസ്റ്റ് 663 ആയിരുന്നത് നിലവില്‍ 9000 കടന്നു. ഡയഗണോസ്റ്റിക്, പൂള്‍ഡ്, റാപ്പിഡ് ആന്റിജെന്‍, ആന്റിബോഡി ടെസ്റ്റുകള്‍ കേരളം നടത്തുന്നുണ്ട്. എന്നാല്‍ ഈ ടെസ്റ്റുകള്‍ വഴി എത്ര കേസുകള്‍ കണ്ടെത്തുന്നുണ്ട് എന്നത് വ്യക്തമല്ല. കൂടിയ ടെസ്റ്റിംഗ് നമ്ബര്‍ കേസുകളുടെ യഥാര്‍ത്ഥി ചിത്രം നല്‍കുന്നില്ലെന്നും ബിബിസി പറയുന്നു. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ കേരളത്തിന്റെ നില വളരെ മെച്ചമാണ്. ശക്തമായ പൊതുജനാരോഗ്യ സംവിധാനം ഇതില്‍ പ്രധാനഘടകമാണ്. ഓക്‌സിജന്‍ ബെഡ് അടക്കമുള്ളവയുമായി ഗ്രാമങ്ങളില്‍ സര്‍ക്കാര്‍ തുടങ്ങുന്ന ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളെക്കുറിച്ചും മറ്റും ബിബിസി പറയുന്നു.
കോവിഡ് വ്യാപനം തടഞ്ഞെന്ന അപക്വമായ മാധ്യമ പ്രചാരണങ്ങള്‍ക്കിടയില്‍ കേരളം ഒരു മുന്നറിയിപ്പാണ്. വൈറസിനെ നേരിടാനുള്ള പ്രതിരോധശേഷി കൈവരിക്കുന്നത് വരെ നിയന്ത്രണങ്ങള്‍ നീക്കുകയും പുനസ്ഥാപിക്കുകയും വീണ്ടും നീക്കുകയും പുനസ്ഥാപിക്കുകയുമൊക്കെ വേണ്ടി വരും. ഇത് ദീര്‍ഘകാലത്തേയ്ക്കുള്ള പ്രവര്‍ത്തനമായിരിക്കുമെന്നും ഹോങ്കോങ്ങ് യൂണിവേഴ്‌സിറ്റിയിലെ ഇന്‍ഫെ്ക്ഷ്യസ് ഡിസീസ് എപ്പിഡെമിയോളജിസ്റ്റ് ഗബ്രിയേല്‍ ലിയൂംഗ് ബിബിസിയോട് പറഞ്ഞു.
കൂടുതല്‍ വായനയ്ക്ക്: India coronavirus: How Kerala’s Covid ‘success story’ came undone













