ഡല്‍ഹിക്ക് സമീപം ഗാസിയാബാദില്‍ വെച്ച് മാധ്യമപ്രവര്‍ത്തകന് നേരെ ഒരു സംഘം വെടിയുതിര്‍ത്തു. അതീവ ഗുരുതരാവസ്ഥയില്‍ മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന്‍റെ ദൃശ്യം സമീപത്തെ സിസിടിവിയില്‍ നിന്ന് ലഭിച്ചതോടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
രണ്ട് പെണ്‍മക്കളോടൊപ്പം ഇന്നലെ രാത്രി മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു വിക്രം ജോഷി. അപ്പോഴാണ് അഞ്ചംഗ സംഘം മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചത്. ഓടിക്കൊണ്ടിരുന്ന ബൈക്കിനെ സംഘം തടയുകയായിരുന്നു. അക്രമികള്‍ ജോഷിയെ വലിച്ചിഴച്ച് മര്‍ദിച്ച ശേഷം ഓടിപ്പോകുന്നത് ദൃശ്യത്തില്‍ നിന്ന് വ്യക്തമാണ്. വെടിവെക്കുന്നത് വീഡിയോയില്‍ വ്യക്തമല്ല. മക്കള്‍ പിതാവിനെ ആശുപത്രിയിലെത്തിക്കാന്‍ വാഹനങ്ങള്‍ക്ക് മുന്നില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതും ദൃശ്യത്തിലുണ്ട്. തുടര്‍ന്ന് രണ്ട് പേരെത്തി വിക്രം ജോഷിയെ ആശുപത്രിയില്‍ കൊണ്ടുപോയി. ഗാസിയാബാദിലെ വിജയ് നഗര്‍ റോഡില്‍ വെച്ചായിരുന്നു ആക്രമണം.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇവരെ ജോഷിയുടെ കുടുംബത്തിന് അറിയാമെന്ന് പൊലീസ് പറഞ്ഞു. തന്റെ അനന്തരവളെ ഒരു സംഘം ശല്യപ്പെടുത്തുന്നുവെന്ന് വിക്രം ജോഷി പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പിന്നാലെയാണ് ആക്രമണമുണ്ടായത്.












