വി ജി സറഫ് ഹോസ്പിറ്റലില്‍ വി ജി സറഫ് -കാര്‍ക്കിനോസ് കാന്‍സര്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: കാന്‍സര്‍ പരിരക്ഷാ ആസൂത്രണ രംഗത്തെ മുന്‍നിരക്കാരായ കാര്‍ക്കിനോസ് ഹെല്‍ത്ത്കെയറുമായി സഹകരിച്ച് വി ജി സറഫ് മെമ്മോറിയല്‍ ആശുപത്രിയില്‍ വി ജി സറഫ്-കാര്‍ക്കിനോസ് കാന്‍സര്‍ സെന്‍ററിനു തുടക്കം കുറിച്ചു. സറഫ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. അനില്‍കുമാര്‍ വി സറഫ് സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. ഡോ. വിവേക് എ സറഫ്, കാര്‍ക്കിനോസ് ഹെല്‍ത്ത്കെയര്‍ കേരളാ ഓപ്പറേഷന്‍സ് സിഇഒയും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. മോനി ഏബ്രഹാം കുര്യാക്കോസ് ക്ലനിക്കല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഡോ. രാമദാസ് കെ തുടങ്ങിയ വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ സംബന്ധിച്ചു.

കാന്‍സര്‍ പരിരക്ഷ ലഭ്യമാകുന്നതിനും താങ്ങാനാവുന്നതിലും ഉള്ള അഭാവം പരിഹരിക്കുക എന്ന പ്രാഥമിക ലക്ഷ്യവുമായാണ് ഈ കേന്ദ്രം സ്ഥാപിച്ചത്. സേവനങ്ങളുടെ ലഭ്യതയോ അതു താങ്ങാനാവാത്ത സ്ഥിതിയോ മൂലം ആര്‍ക്കും ഗുണമേന്‍മയുള്ള കാന്‍സര്‍ പരിരക്ഷ നിഷേധിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. വി ജി സറഫ് ആശുപത്രിയിലെ പുതിയ വി ജി സറഫ്-കാര്‍ക്കിനോസ് കാന്‍സര്‍ സെന്‍ററില്‍ കാന്‍സര്‍ പരിശോധന, ആധുനിക കാന്‍സര്‍ നിര്‍ണയം, കീമോതെറാപി, ഓങ്കോ സര്‍ജറി തുടങ്ങിയവ ഉള്‍പ്പെടെയുള്ള സമഗ്ര സേവനങ്ങള്‍ ലഭ്യമാകും.

എത്ര നേരത്തെ കാന്‍സര്‍ നിര്‍ണയം നടത്തുന്നു എന്നതിന്‍റേയും രോഗിക്ക് വൈദ്യശാസ്ത്ര മേഖലയില്‍ നിന്നു ലഭിക്കുന്ന പിന്തുണയുടേയും അടിസ്ഥാനത്തിലാണ് കാന്‍സര്‍ പരിരക്ഷയുടെ ഫലങ്ങളെന്ന് പദ്ധതിയെ കുറിച്ച് വിശിഷ്ടാതിഥികള്‍ക്കു മുന്നില്‍ നടത്തിയ അവതരണത്തില്‍ കാര്‍ക്കിനോസ് ഹെല്‍ത്ത്കെയര്‍ മെഡിക്കല്‍ ഡയറക്ടറും കേരളാ ഓപ്പറേഷന്‍സ് സിഇഒയുമായ ഡോ. മോനി ഏബ്രഹാം കുര്യാക്കോസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ രംഗത്ത് അഭാവങ്ങളുണ്ടെന്നതാണ് ഖേദകരമായ വസ്തുത. വി ജി സറഫ്-കാര്‍ക്കിനോസ് കാന്‍സര്‍ സെന്‍റര്‍ പോലുള്ള കമ്മ്യൂണിറ്റി കാന്‍സര്‍ സെന്‍ററുകള്‍ സ്ഥാപിക്കുന്നതിലൂടെ പ്രാഥമിക ആരോഗ്യ സേവനങ്ങളും കാന്‍സര്‍ പരിരക്ഷയും തമ്മില്‍ സംയോജിപ്പിച്ച് അവയെ തമ്മില്‍ ബന്ധിപ്പിക്കാനാണ് കാര്‍ക്കിനോസ് ശ്രമിക്കുന്നത്. ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലും മയോ ക്ലിനികും പോലുള്ള സ്ഥാപനങ്ങളാണ് ഈ ദൗത്യത്തിന്‍റെ സാങ്കേതിക പങ്കാളികള്‍. ഈ നീക്കത്തിലൂടെ രാജ്യത്തിന്‍റെ വിദൂര ഭാഗങ്ങളിലുള്ളവര്‍ക്കു പോലും അത്യാധുനീക കാന്‍സര്‍ പരിരക്ഷ ലഭിക്കുമെന്നും അത് താങ്ങാനാവുന്ന ചെലവിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ പുതിയ കാന്‍സര്‍ രോഗികള്‍ 66,000 ആണെന്നും രണ്ടു ലക്ഷത്തിലേറെ രോഗികള്‍ കാന്‍സറില്‍ നിന്നും പരിരക്ഷ തേടിക്കൊണ്ട് ജീവിക്കുന്നു എന്നുമാണ് കണക്കാക്കുന്നത്. വൈകിയ ഘട്ടത്തിലാണ് പലപ്പോഴും രോഗ നിര്‍ണയം നടക്കുന്നത്. ഇത് ചികില്‍സാ ചെലവ് വര്‍ധിപ്പിക്കുകയും ഭേദമാകുന്നതിന്‍റെ നിരക്കു കുറക്കുകയും ചെയ്യുന്നു. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഈ രംഗത്ത് സംയോജിത നീക്കങ്ങള്‍ നടത്തുവാനും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലമായി ലഭ്യമാക്കാനുമാണ് വി ജി സറഫ്-കാര്‍ക്കിനോസ് കാന്‍സര്‍ സെന്‍റര്‍ ശ്രമിക്കുന്നത്. ഇതിലൂടെ കമ്യൂണിറ്റി തലത്തില്‍ തന്നെ കാന്‍സര്‍ പരിശോധന സാധ്യമാകുകയും കാര്‍ക്കിനോസ് കമാന്‍ഡ് സെന്‍ററിലൂടെ രോഗികള്‍ക്കുള്ള പരിചരണം ഏകോപിപ്പിച്ച് തടസമില്ലാത്ത വിധത്തില്‍ ലഭ്യമാക്കുകയും ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *