മലപ്പുറം: കുട്ടികളിലെ ഓട്ടിസം ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നതിനും അവർക്ക് കൃത്യമായ പരിചരണം ഉറപ്പാക്കുന്നതിനുമായി വിവിധയിടങ്ങളിലായി ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിച്ചു. ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലും കേരള വനിതാ-ശിശു വികസന വകുപ്പും സംയുക്തമായാണ് ഇതിന് നേതൃത്വം നൽകിയത്. പരിപാടിയുടെ ഉദ്ഘാടനം ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ റോബിൻ സി.വി. നിർവഹിച്ചു. ഓട്ടിസം കുട്ടികളെ ചേർത്തുപിടിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും കൃത്യമായ പരിചരണം ഉറപ്പാക്കിയാൽ ഗുണനിലവാരമുള്ള ജീവിതം അവർക്ക് നൽകാനാകുമെന്നും സി.ഒ.ഒ പറഞ്ഞു.
അരീക്കോട്, കാവനൂർ പഞ്ചായത്തുകളിലെ അങ്കണവാടികൾ, മൈസെസ് (MICES) പബ്ലിക് സ്കൂൾ എന്നിവടങ്ങളിലായിരുന്നു ക്ലാസുകൾ. കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കുന്ന രക്ഷിതാക്കൾ, അധ്യാപകർ, അനധ്യാപകർ എന്നിവരെ ബോധവൽക്കരിക്കുകയായിരുന്നു പ്രധാന ലക്ഷ്യം.

അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ വിദഗ്ധ പീഡിയാട്രിക് സൈക്കോളജിസ്റ്റായ ശ്രിനില പി. ആണ് സെഷനുകൾ നയിച്ചത്. ഓട്ടിസം ലക്ഷണങ്ങളുള്ള കുട്ടികൾക്ക് വീടുകളിലും സമൂഹത്തിലും നൽകേണ്ട പരിചരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് അവർ പറഞ്ഞു.
ഓട്ടിസം ബാധിച്ച കുട്ടികൾക്കുള്ള പരിചരണം, പ്രാഥമിക ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ നൽകേണ്ട പിന്തുണ, കുട്ടികളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും മുതിർന്നവർ അവലംബിക്കേണ്ട ശാസ്ത്രീയ രീതികൾ എന്നിവയെക്കുറിച്ച് വിശദമായ ക്ലാസുകൾ നടന്നു. സ്കൂൾ അധ്യാപകർ, മാതാപിതാക്കൾ, ഐ.സി.ഡി.എസ് ജീവനക്കാർ, അങ്കണവാടി അധ്യാപകർ, ഹെൽപ്പർമാർ എന്നിവർക്കായി പ്രത്യേക പരിശീലനവും ഒരുക്കിയിരുന്നു. കുട്ടികളുടെ പെരുമാറ്റ രീതികൾ മനസ്സിലാക്കാനും അവർക്ക് ആവശ്യമായ മാനസികവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കാനും ഈ ക്ലാസുകൾ ഏറെ സഹായകമായി.













