ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ ദാതാക്കളിലൊന്നായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഹൈദരാബാദിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഏറ്റവും വലിയ എക്‌സ്‌ക്ലൂസീവ് ആശുപത്രി ഉടൻ ആരംഭിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെ 300 കിടക്കകൾ ഉൾപ്പെടുത്തി എല്ലാ പ്രായത്തിലുമുള്ള കുട്ടികളുടെയും, സ്ത്രീകളുടെയും ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രസവചികിത്സ, സമഗ്രമായ ഗൈനക്കോളജിക്കൽ പരിചരണം,സമ്പൂർണ്ണ നവജാതശിശു പരിചരണം തുടങ്ങിയവയ്ക്ക് പ്രത്യേക വിഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്. ഇതിനായി ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ 100 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. 3 ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം 2026 പകുതിയോടെ പൂർത്തിയാകുമെന്നും തൊട്ടടുത്ത വർഷം തന്നെ പൂർണമായി പ്രവർത്തനക്ഷമമാകുമെന്നും പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ പൂർണ്ണമായ നിർവ്വഹണത്തിന് 220 കോടി രൂപയാണ് കണക്കാക്കുന്നത്.
100 ക്രിട്ടിക്കൽ കെയർ ബെഡുകളും 10 മോഡുലാർ ഓപ്പറേഷൻ തിയറ്ററുകളും ആഡംബര ജനന സ്യൂട്ടുകളും ഉൾപ്പെടുത്തി വിപുലമായ മാതൃ-ശിശു പരിചരണം നൽകുന്നതിന് വേണ്ടി കാത്ത് ലാബ്, CT, MRI, ECMO, IVUS, EBUS, ERCP എന്നിവയുൾപ്പെടെയുള്ള സ്പെഷ്യാലിറ്റി സേവനങ്ങളും ഉയർന്ന നിലവാരമുള്ള സാങ്കേതികവിദ്യകളും ലഭ്യമാക്കുന്നതിനോടൊപ്പം 24/7 എമർജൻസി കെയറും വാഗ്ദാനം ചെയ്യുന്നു. കൂടാതെ പ്രസവചികിത്സ, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, നവജാത ശിശു സംരക്ഷണം, പ്രത്യുൽപാദന ആരോഗ്യം തുടങ്ങിയ പ്രത്യേക മെഡിക്കൽ സേവനങ്ങളും ലഭ്യമാകും.
“ആസ്റ്റർ വിമൻ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ ഹൈദരാബാദിൽ ഒബ്‌സ്റ്റട്രിക്, പീഡിയാട്രിക് ഹെൽത്ത് കെയറിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുമെന്നും ഇത് വിപുലമായ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ എല്ലാവർക്കും വാഗ്ദാനം ചെയ്യുകയും ചെയ്യുമെന്നും ഹൈദരാബാദിൽ മാത്രമല്ല ദക്ഷിണേന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും ഗുണമേന്മയുള്ളതും, താങ്ങാനാവുന്നതുമായ ആരോഗ്യ സംരക്ഷണം എത്തിക്കുന്നതിനുള്ള ഗ്രൂപ്പിൻ്റെ ദൗത്യത്തിനും പ്രതിബദ്ധതയ്ക്കും അനുസൃതമായാണ് പുതിയ ആശുപത്രിയെന്ന്
ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ഓർഗാനിക് റൂട്ടിലൂടെ ഇന്ത്യയിലെ മൊത്തം കിടക്കകളുടെ എണ്ണം 6800+ ആക്കി 2027 സാമ്പത്തിക വർഷത്തോടെ പുതുതായി 2000 കിടക്കകളും കൂട്ടിച്ചേർക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. കൂടാതെ ഇന്ത്യയിലെ മികച്ച 3 ആരോഗ്യ പരിരക്ഷാ ദാതാക്കളിൽ ഒരാളാവുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി കൂടുതൽ വിപുലീകരണത്തിനായി കമ്പനി ശ്രമിക്കുന്നുണ്ട്. കേരളത്തിൽ തിരുവനന്തപുരത്ത് വരാനിരിക്കുന്ന ആസ്റ്റർ ക്യാപിറ്റൽ, കാസർഗോഡ് ആസ്റ്റർ മിംസ് എന്നിവയുൾപ്പെടെ ഗ്രൂപ്പിൻ്റെ വിപുലീകരണത്തിന് 1200 കോടി രൂപയാണ് മൂലധന വിഹിതമായി കാണുന്നത്.













