തവനൂരില്‍ അസാപ് കേരളയുടെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

തവനൂര്‍: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ വികസന സംരംഭമായ അസാപ് കേരള തവനൂരില്‍ സ്ഥാപിച്ച കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. തവനൂര്‍ എംഎല്‍എ ഡോ. കെ ടി ജലീല്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലുടനീളം വിവിധ ജില്ലകളിലായി അസാപ് കേരള വിഭാവനം ചെയ്ത 16 കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ പതിമൂന്നാമത്തേതാണ് തവനൂരിലേത്. മലപ്പുറം ജില്ലയിലെ രണ്ടാമത്തേതും. കുറ്റിപ്പുറം-പൊന്നാനി ദേശീയ പാതയില്‍ തവനൂര്‍ ഐങ്കലത്ത് ഒന്നര ഏക്കറില്‍ 17.3 കോടി രൂപ ചെലവിട്ടാണ് സ്‌കില്‍ പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. 27,000 ചതുശ്ര അടി വിസ്തീര്‍ണമുള്ള പ്രധാന കെട്ടിടം നൂതനമായ ഫാബ് ടെക്‌നോളജിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ക്ലാസ് മുറികള്‍ക്കു പുറമെ അത്യാധുനിക യന്ത്ര സജ്ജീകരണങ്ങളോടെയുള്ള വിവിധ ലാബുകള്‍ ഒരുക്കിയിരിക്കുന്നു.

വര്‍ധിച്ചു വരുന്ന ഇലക്ട്രിക് വാഹന ഉപയോഗം കണക്കിലെടുത്ത് ഈ മേഖലയില്‍ പ്രത്യേക ഇവി ടെക്‌നോളജി പരിശീലനം നല്‍കുന്നതിന് രണ്ട് കോഴ്‌സുകളാണ് തുടക്കത്തില്‍ ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്. കോഴ്‌സ് ജൂണില്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. പ്രമുഖ ബഹുരാഷ്ട്ര വാഹന നിര്‍മാതാക്കളായ എംജി മോട്ടോഴ്‌സ് സാങ്കേതിക പരിശീലനത്തിന് തവനൂര്‍ അസാപ് കേരള സ്‌കില്‍ പാര്‍ക്കുമായി സഹകരിക്കുന്നുണ്ട്. എംജിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാര്‍ ഇവിടെ സാങ്കേതിക വിദ്യാ പരിശീലനത്തിനായി ഉപയോഗിക്കും. പട്ടികജാതി വകുപ്പിന്റെ ധനസഹായത്തോടു കൂടിയാണ് ഇലക്ട്രിക് വെഹിക്കിള്‍ ടെക്‌നൊളജി ലാബ് സജ്ജീകരിച്ചിട്ടുള്ളത്. ഈ രംഗത്ത് യുവജനങ്ങളെ തൊഴില്‍ നിപുണരാക്കാനും പരമ്പരാഗത വാഹന വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് പുതിയ സാങ്കേതികവിദ്യകളില്‍ നൈപുണ്യ പരിശീലനം നല്‍കാനും അതുമൂലം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തൊഴില്‍ നഷ്ടം തടയാനും ഉപകരിക്കുന്ന തരത്തിലാണ് ഇലക്ട്രിക് വെഹിക്കിള്‍ ടെക്‌നൊളജി കോഴ്‌സുകളും പരിശീലനവും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

അത്യാധുനിക കാര്‍ പെയ്ന്റിങില്‍ പരിശീലനം നല്‍കുന്നതിന് ആക്‌സോ നൊബേല്‍ എന്ന കമ്പനിയുടെ സഹകരണത്തോടെ പ്രത്യേക കോഴ്‌സും ഇവിടെ അസാപ് കേരള നല്‍കിയിരുന്നു. ആധുനിക ബോഡി ഷോപ്പ് പ്രവര്‍ത്തനത്തില്‍ ഉപയോഗപ്രദമായ കാര്‍ റിഫിനിഷ് സിസ്റ്റങ്ങള്‍ക്കായുള്ള പരിശീലനമാണ് സ്‌കില്‍ പാര്‍ക്കില്‍ ഒരുക്കിയ ആക്സോ നൊബേലിന്റെ പെയിന്റ് അക്കാഡമിയിലൂടെ അസാപ് വിഭാവനം ചെയ്യുന്നത്.

മുന്‍നിര കമ്പനികളും വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ ദേശീയ-അന്തര്‍ദേശീയ നിലവാരമുള്ള നൈപുണ്യ പരിശീലന കോഴ്‌സുകളാണ് നടത്തി വരുന്നത്. യുവജനങ്ങളെ തൊഴില്‍ സജ്ജരാക്കുന്നതിനുള്ള വിവിധ നൈപുണ്യ പരിശീലനങ്ങളാണ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍ വഴി അസാപ് കേരള നല്‍കി വരുന്നത്.

തവനൂർ പഞ്ചായത്ത് പ്രസിഡന്റ് സി പി നസീറ, ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി മോഹൻദാസ്, പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി ഒ ശ്രീനിവാസൻ, തവനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി വി ശിവദാസ്, വാർഡ് മെമ്പർ പ്രവിജ കെ പി ജനപ്രതിനിധികള്‍, അസാപ് കേരള പ്രൊജക്ട് മേധാവിമാര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *