മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിലേക്ക്. ഇഡി കസ്റ്റഡിയിലുള്ള കെജ്‌രിവാളിനെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസിൽ ഇഡി കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കെജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇഡിയുടെ വിശദമായ വാദം കേട്ട ശേഷമായിരുന്നു കോടതി നടപടി.
കെജ്‍രിവാളിനെ15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ദില്ലി റൗസ് അവന്യു കോടതിയാണ് ഉത്തരവിട്ടത്. കെജ്‍രിവാളിനെ തിഹാര്‍ ജയിലിലേക്കായിരിക്കും കെജ്‍രിവാളിനെ മാറ്റുക. കെജ്‍രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. സെന്തിൽ ബാലാജി കേസിലെ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചായിരുന്നു ഇഡിയുടെ ആവശ്യം.കെജ്‍രിവാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. ഭാവിയിൽ തങ്ങൾക്ക് കസ്റ്റഡി ആവശ്യമായിവരുമെന്നും ഇഡി വ്യക്തമാക്കി.

കെജ്‍രിവാൾ ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ഡിവൈസുകളുടെ പാസ്‌വേഡുകൾ നൽകിയിട്ടില്ലെന്നും ചോദ്യങ്ങൾക്ക് തനിക്ക് അറിയില്ല എന്നത് മാത്രമാണ് മറുപടിയെന്നും ഇഡി കോടതിയില്‍ വാദിച്ചു.കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കെജ്‍രിവാളിനെ കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ 28 ന് ദില്ലി റൗസ് അവന്യൂ കോടതി കെജ്രിവാളിന്റെ കസ്റ്റഡി കാലവധി നാല് ദിവസത്തെക്ക് കൂടി നീട്ടിയിരുന്നു.













