അര്‍ജന്റീന താരം ലയണല്‍ മെസി ഇനി അമേരിക്കയില്‍ പന്ത് തട്ടും


ഫ്‌ളോറിഡ: കാത്തിരിപ്പിനു വിരാമം. ഇതിഹാസ അര്‍ജന്റീന താരം ലയണല്‍ മെസി ഇനി അമേരിക്കയില്‍ പന്ത് തട്ടും. ഇന്റര്‍ മയാമി ടീമാണ് ലോകകപ്പ് നേടിയ നായകനെ സ്വന്തമാക്കിയത്.സൂപ്പര്‍ താരത്തെ ടീം ആരാധകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.


മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും ഇതിഹാസ താരവുമായ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള മേജര്‍ ലീഗ് സോക്കര്‍ ടീമാണ് ഇന്റര്‍ മയാമി. മെസിയെ കൂടാതെ ബാഴ്‌സലോണയിലെ മുന്‍ സഹ താരം കൂടിയായ സെര്‍ജിയോ ബുസ്‌കറ്റ്‌സിനേയും ടീം ഇത്തവണ സ്വന്തമാക്കിയിരുന്നു. പാരിസ് സെന്റ് ജെര്‍മെയ്‌നില്‍ നിന്നാണ് മെസി മേജര്‍ ലീഗ് സോക്കറിലേക്ക് മാറിയത്. ‘ഈ യാത്രയില്‍ നമുക്കു വേണ്ടി മനോഹരമായ ഒട്ടേറെ നിമിഷങ്ങള്‍ കാത്തിരിക്കുന്നു.


നിങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിനു എക്കാലത്തും ഞാനും കുടുംബവും കടപ്പെട്ടവരായിരിക്കും. നിങ്ങള്‍ക്കൊപ്പം ഇന്റര്‍ മയാമി ടീമില്‍ സഞ്ചരിക്കാന്‍ ഞാനുമുണ്ടാകും’- മെസി വ്യക്തമാക്കി.പ്രതികൂല കാലവസ്ഥയായിട്ടു കൂടി സൂപ്പര്‍ താരത്തെ അവതരിപ്പിക്കുന്ന ക്ലബിന്റെ ആഘോഷ രാവിലേക്ക് വന്‍ ജനാവലിയാണ് ഒഴുകിയെത്തിയത്. ഇതിഹാസം നായകന്റെ വരവ് ആരാധകര്‍ ആവേശത്തോടെ തിമിര്‍ത്ത് ആഘോഷിച്ചു.

അതേസമയം മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമി അത്ര മികച്ച രീതിയിലല്ല മുന്നോട്ടു പോകുന്നത്. നിലവില്‍ അഞ്ച് ജയങ്ങള്‍ മാത്രമുള്ള അവര്‍ പട്ടികയില്‍ അവസാന സ്ഥാനത്താണ്. മെസി, ബുസ്‌കറ്റ്‌സ് എന്നുവരുടെ വരവ് ടീമിന്റെ തലവര മാറ്റുമെന്ന പ്രതീക്ഷയാണ് ഉടമകളായ ബെക്കാമടക്കമുള്ളവര്‍ക്ക്.



Sharing is Caring