അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബാൾ ;ഖത്തറിന് തകര്‍പ്പന്‍ ജയത്തോടെ തുടക്കം

ലോകകപ്പിലെ നിരാശജനകമായ പ്രകടനത്തിനു പിന്നാലെ 25ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബാളിന്റെ പോരിടത്തിലിറങ്ങിയ ഖത്തറിന് തകര്‍പ്പന്‍ ജയത്തോടെ തുടക്കം.പ്രമുഖ താരങ്ങളില്‍ പലരുമില്ലാതെ പടക്കിറങ്ങിയ അന്നാബികള്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കുവൈത്തിനെയാണ് കീഴടക്കിയത്. അരങ്ങേറ്റ മത്സരത്തിനിറങ്ങി ഗോള്‍ നേടിയ അംറോ സിറാജിനൊപ്പം അല്‍ ഗറാഫ ക്ലബിലെ സഹതാരമായ അഹ്മദ് അലാവുദ്ദീനും വല കുലുക്കിയതോടെ ഗ്രൂപ് ‘ബി’യില്‍ ജയത്തോടെ തലപ്പത്തെത്തി.

ബസ്റയിലെ അല്‍മിന ഒളിമ്ബിക് സ്റ്റേഡിയത്തില്‍ കുവൈത്തിനെതിരെ തന്ത്രപരമായ ഗെയിമിലൂടെ മുന്‍തൂക്കം നേടുകയായിരുന്നു ഖത്തര്‍. 4-2-3-1 ഫോര്‍മേഷനില്‍ ഇരുടീമും കളത്തിലിറങ്ങിയ കളിയില്‍ പ്രതിരോധത്തില്‍ ജാഗ്രത പാലിച്ചതിനൊപ്പം അവസരം കിട്ടുമ്ബോള്‍ കയറിയെത്തുന്ന കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിനാണ് ഖത്തര്‍ പ്രാധാന്യം നല്‍കിയത്. മത്സരത്തില്‍ പന്തിന്മേല്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്തിയത് കുവൈത്ത് ആയിരുന്നെങ്കിലും ഫിനിഷിങ്ങിലെ മിടുക്കുമായി ഖത്തര്‍ യുവനിര ആദ്യ കടമ്ബ മറികടക്കുകയായിരുന്നു. ഗള്‍ഫ് കപ്പില്‍ പത്തു തവണ കിരീടം ചൂടിയ കുവൈത്താണ് മത്സരത്തില്‍ കൂടുതല്‍ തവണ ഗോള്‍ ലക്ഷ്യമിട്ട് നിറയൊഴിച്ചത്. എന്നാല്‍, ഫിനിഷിങ്ങിലെ പോരായ്മകള്‍ക്കൊപ്പം പ്രതിരോധത്തിലെ പാളിച്ചകളും അവര്‍ക്ക് വിനയാവുകയായിരുന്നു.

സിറാജിനും തമീം മന്‍സൂറിനും രാജ്യാന്തര ഫുട്ബാളില്‍ അരങ്ങേറ്റത്തിന് അവസരമൊരുക്കിയാണ് ഖത്തര്‍ കോച്ച്‌ ബ്രൂണോ പിനീറോ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചത്. മുന്‍ ഖത്തര്‍ സ്ട്രൈക്കര്‍ മന്‍സൂര്‍ മുഫ്ത്തയുടെ മകനാണ് തമീം മന്‍സൂര്‍. കളി തുടങ്ങി 23ാം മിനിറ്റില്‍ കുവൈത്ത് ഡിഫന്‍ഡര്‍ അല്‍ എനേസിയുടെ മോശം ക്ലിയറന്‍സില്‍ പന്ത് കൈക്കലാക്കിയ സിറാജ് വലയുടെ വലതുമൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. കളി 15 മിനിറ്റുകൂടി പിന്നിടുംമുമ്ബേ ഖത്തര്‍ ലീഡുയര്‍ത്തി. അലാവുദ്ദീനെ മെഷരി ഗനം ബോക്സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടി. കിക്കെടുത്ത അലാവുദ്ദീന്‍ അനായാസം കുവൈത്ത് ഗോളി സുലൈമാന്‍ അബ്ദുല്‍ ഗഫൂറിനെ കീഴടക്കി.

രണ്ടാം പകുതിയില്‍ കുവൈത്ത് കളത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയെങ്കിലും ജാസിം അബ്ദുല്‍ സലാമും താരീഖ് സല്‍മാനും നയിച്ച ഖത്തര്‍ പ്രതിരോധത്തെ മറികടക്കാനായില്ല. അവസാന ഘട്ടത്തില്‍ കുവൈത്തിന്റെ ശാഹിബ് അല്‍ ഖാലിദിയുടെ ഗോളെന്നുറച്ച ഷോട്ട് പോസ്റ്റിനെ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ പുറത്തേക്കായിരുന്നു. കളി തീരാനിരിക്കെ ഗോള്‍ തേടി നിരന്തരം ആക്രമിച്ചുകയറിയ കുവൈത്തിനെ പിന്നണിയില്‍ പടുകോട്ടകെട്ടി പിടിച്ചുനിര്‍ത്തിയ ഖത്തര്‍ വിജയം സ്വന്തമാക്കുകയായിരുന്നു. കാണികളുടെ നിറഞ്ഞ പിന്തുണയും മത്സരത്തില്‍ ഖത്തര്‍ ടീമിന്റെ തുണക്കെത്തി. അംറോ സിറാജ് ആണ് കളിയിലെ കേമന്‍.

കാല്‍മുട്ടിന് പരിക്കേറ്റ സ്റ്റാര്‍ സ്ട്രൈക്കര്‍ മുഹമ്മദ് മുന്‍താരി ഉള്‍പ്പെടെ പ്രമുഖര്‍ ഗള്‍ഫ് കപ്പില്‍ കളിക്കുന്നില്ല. മുതിര്‍ന്ന താരങ്ങളായ ഹസന്‍ അല്‍ ഹൈദൂസ്, അക്രം അഫീഫ്, അല്‍ മുഈസ് അലി, അബ്ദുല്‍ അസീസ് ഹാതിം, ബൂഅലാം ഖൗഖി, ബസാം അല്‍ റാവി, പെഡ്രോ മിഗ്വേല്‍, സഅദ് അല്‍ ശീബ് എന്നിവര്‍ക്കും വിശ്രമം നല്‍കിയ ബ്രൂണോ പിനീറോ യുവരക്തത്തിന് മുന്‍തൂക്കം നല്‍കിയാണ് ഖത്തര്‍ ടീമിനെ പ്രഖ്യാപിച്ചത്. സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പില്‍ മൂന്നു ഗ്രൂപ് മത്സരങ്ങളും തോറ്റശേഷം ഖത്തര്‍ കളിക്കാനിറങ്ങുന്ന ആദ്യ ടൂര്‍ണമെന്റാണിത്.

നിലവിലെ ചാമ്ബ്യന്മാരായ ബഹ്റൈനെതിരെ ജനുവരി 10നാണ് ഖത്തറിന്റെ രണ്ടാം മത്സരം. കഴിഞ്ഞ ദിവസം നടന്ന തങ്ങളുടെ ആദ്യ കളിയില്‍ ബഹ്റൈന്‍ 2-0ത്തിന് യു.എ.ഇയെ പരാജയപ്പെടുത്തി. ഗള്‍ഫ് കപ്പില്‍ മൂന്നു തവണ കിരീടം നേടിയ ഖത്തറിന്റെ ഗ്രൂപ്പിലെ അവസാന അങ്കം യു.എ.ഇക്കെതിരെ ജനുവരി 13ന് നടക്കും. ഇറാഖിന് പുറമെ യമന്‍, സൗദി അറേബ്യ, ഒമാന്‍ എന്നിവരാണ് ഗ്രൂപ് ‘എ’യിലെ മറ്റു ടീമുകള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *