ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണം : ഡിജിപി

ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണമെന്ന് ഡിജിപി അനിൽകാന്ത്. പൊലീസ് യോഗത്തിലാണ് ഡി.ജി.പിയുടെ നിർദേശം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പ്രത്യേക ജാഗ്രതവേണമെന്നും പോക്‌സോ കേസുകളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നും ഡിജിപി കർശന നിർദേശം നൽകി.

കോടതികൾക്ക് മുമ്പാകെയുള്ള കേസുകളിൽ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ നടപടിയെടുക്കണം. വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും ഡിജിപി പറഞ്ഞു.

രാത്രിയും പൊലീസ് പട്രോളിംഗ് സജീവമാക്കാൻ ഡിജിപി അനിൽ കാന്ത് നിർദ്ദേശം നൽകി. ഓൺലൈനിൽ ലഭിക്കുന്ന പരാതികളിൽ ഫലപ്രദമായ നടപടിയെടുക്കണമെന്നും ഡി.ജി.പി അനിൽകാന്ത് അറിയിച്ചു.
എസ്.പിമാർ മുതലുള്ള ഉദ്യോഗസ്ഥർ നേരിട്ട് പൊലീസ് ആസ്ഥാനത്തെത്തി യോഗത്തിൽ പങ്കെടുത്തു. കൊവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് മുഴുവൻ ഉന്നത ഉദ്യോഗസ്ഥരെയും നേരിട്ട് വിളിച്ചു ചേർത്തുള്ള യോഗം. ആറ്റിങ്ങൽ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയിൽ അടക്കം കോടതി പൊലീസിനെ നിശിതമായി വിമർശിച്ചിരുന്നു. മാത്രവുമല്ല മോൺസൺ മാവുങ്കൽ വിഷയത്തിലും മോഫിയ പർവീണിന്റെ ആത്മഹത്യ വിഷയത്തിലുമടക്കം പൊലീസിന് സംഭവിച്ച വീഴ്ചകൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *