എറണാകുളം മാമലക്കണ്ടത്ത് കിണറ്റില്‍ വീണ ആനയെയും കുട്ടിയാനെയും രക്ഷപെടുത്തി. ഇന്ന് പുലർച്ചെ നാലരയോടെ കിണറ്റിൽ വീണ ആനയേയും കുട്ടിയാനയേയുമാണ് രക്ഷപ്പെടുത്തിയത്. രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് പരുക്കേറ്റു. ആനയെ കിണറ്റില്‍ നിന്ന് കരയ്ക്ക് കയറ്റാനുള്ള ശ്രമത്തിനിടെ ആന ആക്രമിക്കുകയായിരുന്നു.മാമലക്കണ്ടത്ത് ജനവാസമേഖലയിലെ കിണറ്റിലാണ് ആനയും കുട്ടിയാനയും വീണത്.
അഞ്ചുകുടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. അധികം ആഴമില്ലാത്ത എന്നാല്‍ വലിയ വ്യാപ്തിയുള്ള കിണര്‍ ആണിത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ സ്വയം കരകയറാന്‍ ആന ശ്രമിച്ചെങ്കിലും സാധിച്ചില്ല.വൈകാതെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി ആനയെ കരയ്ക്ക് കയറ്റുകയായിരുന്നു. പുറത്തെത്തിച്ച ആനകളെ ആനക്കൂട്ടത്തിനൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിട്ടു. സ്ഥിരമായി ആനക്കൂട്ടമെത്താറുള്ള ജനവാസമേഖലയാണിത്. ആനയ്ക്കും കുട്ടിയാനയ്ക്കും പരുക്കുകളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.














