മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവം ; ബാറ്ററി ചൂടായപ്പോള്‍ രാസ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്

തിരുവില്വാമലയില്‍ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവത്തില്‍ നടന്നത് രാസ സ്‌ഫോടനം (കെമിക്കല്‍ ബ്ലാസ്റ്റ്) എന്ന് പ്രാഥമിക വിവരം. ഫോറന്‍സിക് പരിശോധയിലാണ് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. അമിത ഉപയോഗത്തെ തുടര്‍ന്ന് ഫോണിന്റെ ബാറ്ററി ചൂടായി രാസവസ്തുക്കള്‍ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്തുവീട്ടില്‍ അശോക് കുമാറിന്റെയും സൗമ്യയുടെയും മകള്‍ ആദിത്യശ്രീയാണ് മരിച്ചത്. തിരുവില്വാമല പുനര്‍ജനിയിലെ ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിത്യശ്രീ. അമിത ഉപയോഗത്തെ തുടര്‍ന്ന് ഫോണിന്റെ ബാറ്ററി ചൂടായതോടെ ബാറ്ററിയിലെ ലിഥിയം ഉള്‍പ്പടെയുള്ള വസ്തുക്കള്‍ക്ക് രാസമാറ്റം സംഭവിച്ച് പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് നിഗമനം.ഡിസ്‌പ്ലെയുടെ വിടവുകളിലൂടെ കുട്ടിയുടെ മുഖത്തേയ്ക്ക് വെടിയുണ്ട കണക്കെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. അതുകൊണ്ട് തന്നെ പ്രത്യക്ഷത്തില്‍ ഫോണിന് കാര്യമായ കേടുപാടുകളില്ല.

പൊട്ടിത്തെറിയില്‍ ആദിത്യ ശ്രീയുടെ മുഖവും,ഫോണ്‍ ഉപയോഗിച്ചിരുന്ന കൈ വിരലുകളും തകര്‍ന്നു.അതേസമയം ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തതയ്ക്കായി ഫോണ്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. അദിത്യ ശ്രീയുടെ പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. മുഖത്തും തലയ്ക്കുമേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് ഉഗ്രശബ്ദത്തില്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *