പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ ഇഞ്ചക്ഷന്‍ ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമം


തിരുവല്ല : പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ ശേഷം ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ ഇഞ്ചക്ഷൻ ചെയ്തു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം സിനിമ കഥകളെ പോലും വെല്ലുന്നത്. സിനിമകളിലും സീരിയലുകളിലും ഇത്തരം കാഴ്ചകൾ പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. പ്രസവശേഷം ആശുപത്രിയിൽ ചികിത്സയിലായിരുന്ന കായംകുളം കരിയിലക്കുളങ്ങര സ്വദേശിനി സ്നേഹയെ നഴ്സിന്റെ വേഷത്തിൽ എത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലായ പുല്ലുകുളങ്ങര കണ്ടല്ലൂർ വെട്ടത്തിൽ കിഴക്കേതിൽ അനുഷ (25) നടത്തിയ വധശ്രമമാണ് സിനിമ കഥകളെ പോലും വെല്ലുന്നത്.


വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ നേഴ്സിന്റെ വേഷം ധരിച്ച് എത്തിയ അനുഷ ഡിസ്ചാർജ് കാത്ത് മുറിയിൽ ഇരുന്ന സ്നേഹയെ മരുന്നുകൾ ഒന്നും നിറയ്ക്കാത്ത സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുകയായിരുന്നു. ഡിസ്ചാർജ് വാങ്ങിയ തനിക്ക് എന്തിന് വീണ്ടും ഇഞ്ചക്ഷൻ നൽകുന്നു എന്ന് സ്നേഹയുടെ ചോദ്യത്തിന് പ്രസവ ശേഷം നൽകുന്ന സുരക്ഷാ ഇഞ്ചക്ഷൻ ആണിത് എന്നായിരുന്നു അനുഷയുടെ മറുപടി. കുത്തിവെപ്പ് നടത്തുന്നതിനിടെ സിറിഞ്ചിൽ മരുന്ന് ഒന്നും തന്നെ കാണാതിരുന്നതോടെ സ്നേഹയും മുറിയിൽ ഒപ്പം ഉണ്ടായിരുന്ന മാതാവും ബഹളം വച്ചു. ഇതോടെ അനുഷ മുറിയിൽ നിന്നിറങ്ങി ലിഫ്റ്റ് വഴി രക്ഷപ്പെടാൻ ശ്രമിച്ചു.


ബഹളം കെട്ടിയ സുരക്ഷാ ജീവനക്കാർ അനുഷയെ തടഞ്ഞുവെക്കുകയും തുടർന്ന് എത്തിയ പുളിക്കീഴ് പോലീസിന് കൈമാറുകയും ആയിരുന്നു. തുടർന്ന് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണ് സ്നേഹയുടെ ഭർത്താവായ അരുണുമായി കോളേജ് പഠനകാലം മുതൽ ഇഷ്ടത്തിലായിരുന്നുവെന്നും ഇപ്പോഴും ആ ബന്ധം തുടരുന്നതായും അനുഷ പോലീസിൽ മൊഴി നൽകിയത്. ആൾമാറാട്ടത്തിനും വധശ്രമത്തിനും കേസെടുത്ത അനുഷ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.



Sharing is Caring