വിവാദങ്ങള്‍ക്കിടെ സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുന്നതിനായി കോഴിക്കോട് ബാലുശേരി കിനാലൂരില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കി.പദ്ധതിക്കായി 200 ഏക്കര്‍ സ്ഥലമാണ് സംസ്ഥാനം വാഗ്ദാനം ചെയ്തത്.ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെങ്കില്‍ 15 ദിവസത്തിനകം കൊയിലാണ്ടി സ്‌പെഷല്‍ തഹസില്‍ദാറെ രേഖാമൂലം അറിയിക്കണം.
കിനാലൂര്‍, കാന്തലാട് വില്ലേജുകളില്‍ കെ എസ് ഐ ഡി സിയുടെ കൈവശത്തിലുള്ള ഭൂമിക്കുപുറമെ 193 കുടുംബങ്ങളുടെയും ഒരു ക്ഷേത്രത്തിന്റെയും പള്ളിയുടെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും 40.6802 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. മുഴുവന്‍ ഭൂവുടമകളും ഭൂമി വിട്ടുകൊടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഭൂരേഖകളുടെ പുതുക്കലിലോ ഏറ്റെടുക്കാനുദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ചോ ആക്ഷേപമുണ്ടെങ്കില്‍ 15 ദിവസത്തിനകം കൊയിലാണ്ടി സ്‌പെഷല്‍ തഹസില്‍ദാറെ രേഖാമൂലം അറിയിക്കണം.

കെഎസ്‌ഐഡിസി റവന്യു വകുപ്പിന് കൈമാറിയ ഭൂമി മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡിന് നല്‍കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. കെഎസ്‌ഐഡിസിയുടെ 153.46 ഏക്കര്‍ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടതോടെയാണ് ബാലുശേരി മണ്ഡലത്തിലെ കിനാലൂരില്‍ കെഎസ്‌ഐഡിസി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കിയത്. കെഎസ്‌ഐഡിസി വിട്ടുനല്‍കിയ ഭൂമി സംസ്ഥാന റവന്യു വിഭാഗം അളന്ന് തിട്ടപ്പെടുത്തി ആരോഗ്യവകുപ്പിന് കൈമാറാനുള്ള നടപടിക്രമങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.













