അമേരിക്കന്‍ ഹാർട്ട് അസോസിയേഷന്റെ അഡ്വാന്‍സ്ഡ് സ്ട്രോക്ക് ലൈഫ് സപ്പോര്‍ട്ട് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

കോഴിക്കോട് : മസ്തിഷ്‌കാഘാത ചികിത്സാരംഗത്ത് ലോകത്തെ ഏറ്റവും നൂതനമായ ചികിത്സാ സംവിധാനങ്ങളില്‍ പരിചയ സമ്പത്ത് കൈവരിക്കാനുതകുന്ന രീതിയില്‍ സജ്ജീകരിക്കപ്പെട്ട അമേരിക്കന്‍ ഹാർട്ട് അസോസിയേഷന്റെ ‘അഡ്വാന്‍സ്ഡ് സ്ട്രോക്ക് ലൈഫ് സപ്പോര്‍ട്ട്’ കോഴ്സ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. ഇന്ത്യയിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടര്‍മാരും സ്ട്രോക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നഴ്സിങ്ങ് ജീവനക്കാരും മൂന്ന് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന കോഴ്സില്‍ പങ്കെടുത്തു. അമേരിക്കന്‍ ഹാർട്ട് അസോസിയേഷന്റെ ഫാക്കല്‍റ്റിയാണ് ക്ലാസ്സുകള്‍ നയിച്ചത്.

കോവിഡാനന്തര കാലത്ത് ചെറുപ്പക്കാരില്‍ ഉള്‍പ്പെടെ മസ്തിഷ്‌കാഘാതത്തിന്റെ എണ്ണവും തീവ്രതയും സങ്കീര്‍ണ്ണതയും വര്‍ദ്ധിച്ചിട്ടുണ്ട്. ശിഷ്ടജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്ന പ്രത്യാഘാതങ്ങള്‍ക്കോ, മരണത്തിന് തന്നെയോ ആണ് ഇത് കാരണമാകുന്നത്. കൃത്യസമയത്ത് മികച്ച ചികിത്സ ലഭ്യമാക്കാന്‍ സാധിക്കാതെ പോകുന്നതാണ് ഇത്തരം പ്രത്യാഘാതങ്ങള്‍ക്ക് പ്രധാനമായും കാരണമാകുന്നത്.

‘അഡ്വാന്‍സ്ഡ് സ്ട്രോക്ക് ലൈഫ് സപ്പോര്‍ട്ട്’ പദ്ധതിയിലൂടെ എല്ലാ മേഖലയിലുമുള്ള ഡോക്ടര്‍മാര്‍ക്ക് സ്ട്രോക്ക് പരിചരണത്തില്‍ വിദഗ്ദ്ധ പരിശീലനം നല്‍കുകയും ഈ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി സ്ട്രോക്ക് ബാധിച്ചവര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ ചികിത്സ നല്‍കാന്‍ സാധിക്കുന്ന നെറ്റ് വര്‍ക്കിന് രൂപം നല്‍കാനും സാധിക്കും.

അമേരിക്കന്‍ ഹാർട്ട് അസോസിയേഷന്‍ പ്രതിനിധികളായ മറീഡ സ്ട്രാക്കിയ (ഇന്റര്‍നാഷണല്‍ റിസസിറ്റേഷന്‍ പ്രോഗ്രാം മാനേജര്‍), ഡോ. ജോസ് ഫെറര്‍ (ഡയറക്ടര്‍, ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്), ഡേവിഡ് കീത്ത് (ഡയറക്ടര്‍ ഓഫ് പ്രൊഫഷണള്‍ എജ്യുക്കേഷന്‍), ജോണ്‍ കിം (വൈസ് പ്രസിഡന്റ്, ഏഷ്യ പസഫിക്), ഡോ. സച്ചിന്‍ മേനോന്‍ (റീജ്യണള്‍ ഡയറക്ടര്‍ – ഇന്ത്യ, ശ്രീലങ്ക നേപ്പാള്‍ & ബംഗ്ലാദേശ്), ഡോ. വേണുഗോപാലന്‍ പി പി (ആസ്റ്റര്‍ എമര്‍ജന്‍സി വിഭാഗം മേധാവി), ഡോ. നൗഫല്‍ ബഷീര്‍ (ഡെപ്യൂട്ടി സി എം എസ്), ലുക്മാന്‍ പൊന്മാടത്ത് (സി ഒ ഒ, ആസ്റ്റര്‍ മിംസ് കോഴിക്കോട്) തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *