ഗ്യാന്‍വാപി മാതൃകയില്‍ മഥുരയില്‍ സര്‍വ്വേയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ അനുമതി. മഥുര ഷാഹി ഇദാഹ് മസ്ജിദില്‍ സര്‍വ്വേ നടത്തുന്നതിനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ഇതിനായി മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. മഥുര ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷ്ണ വിരാജ്മാന്റെ പേരില്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കൃഷ്ണന്‍ ജനിച്ച സ്ഥലത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് ഹര്‍ജിയിലെ വാദം. ക്ഷേത്രം നിലനിന്ന സ്ഥലത്ത് പതിനേഴാം നൂറ്റാണ്ടില്‍ ഔറംഗസേബിന്റെ ഭരണകാലത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
അഭിഭാഷകരായ ഹരി ശങ്കര്‍ ജെയിന്‍, വിഷ്ണു ശങ്കര്‍ ജെയിന്‍, പ്രഭാഷ് പാണ്ഡെ, ദേവ്കി നന്ദന്‍ എന്നിവര്‍ മുഖേന ദേവനും (ഭഗവാന്‍ ശ്രീകൃഷ്ണ വിരാജ്മാന്‍) മറ്റ് 7 പേരും സമര്‍പ്പിച്ച ഓര്‍ഡര്‍ 26 റൂള്‍ 9 സിപിസി അപേക്ഷയിലാണ് ജസ്റ്റിസ് മായങ്ക് കുമാര്‍ ജെയിനിന്റെ ബെഞ്ചിന്റെ ഉത്തരവ്. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മസ്ഥലം മസ്ജിദിന് താഴെയാണെന്നും മസ്ജിദ് ഹിന്ദു ക്ഷേത്രമാണെന്ന് സ്ഥാപിക്കുന്ന നിരവധി അടയാളങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ഒരു കമ്മീഷനെ നിയമിക്കേണ്ടത് അനിവാര്യമാണെന്നുമായിരുന്നു ഹര്‍ജിയിലെ വാദം.

ഹിന്ദു ക്ഷേത്രങ്ങളുടെ സവിശേഷതയായ താമരയുടെ ആകൃതിയിലുള്ള സ്തംഭം നിലവിലുണ്ടെന്നും കൃഷ്ണന്‍ ജനിച്ച രാത്രിയില്‍ അദ്ദേഹത്തെ സംരക്ഷിച്ച ഹിന്ദു ദേവന്മാരില്‍ ഒരാളായ ശേഷനാഗിന്റെ പ്രതിമയും അവിടെയുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. മസ്ജിദിന്റെ തൂണിന്റെ ചുവട്ടില്‍ ഹിന്ദുമത ചിഹ്നങ്ങളും കൊത്തുപണികളും കാണാമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.മഥുര ഷാഹി ഈദ്ഗാ മസ്ജിദ് കൃഷ്ണ ജന്മഭൂമിയുടെ ഭൂമിക്ക് മുകളിലാണ് നിര്‍മ്മിച്ചതെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന പ്രധാന ഹര്‍ജിയുടെ ഭാഗമായിട്ടായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. മഥുര ഷാഹി ഈദ്ഗാ മസ്ജിദ് കൃഷ്ണ ജന്മഭൂമിയുടെ ഭൂമിക്ക് മുകളിലാണ് നിര്‍മ്മിച്ചതെന്ന കാരണത്താല്‍ അത് നീക്കം ചെയ്യണമെന്നാണ് പ്രധാന ഹര്‍ജി.













