താജ് മഹലിലെ ഉറൂസ് ആഘോഷത്തിനെതിരെ ഹർജി നൽകി അഖില ഭാരത ഹിന്ദു മഹാസഭ

താജ് മഹലിലെ ഉറൂസ് ആഘോഷത്തിനെതിരെ ഹർജി നൽകി അഖില ഭാരത ഹിന്ദു മഹാസഭ. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്മാരകത്തിൽ ഉറൂസ് നിരോധിച്ച് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ആഗ്ര കോടതിയിൽ ഹിന്ദു മഹാസഭ ഹർജി നൽകി. കോടതി ഹർജി ഫയലിൽ സ്വീകരിച്ചു. താജ് മഹലിലെ ഈ വർഷത്തെ ഉറൂസ് ഫെബ്രുവരി 6 മുതൽ 8 വരെയാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ കോടതി മാർച്ച് നാലിന് ഹർജി പരിഗണിയ്ക്കാനായി മാറ്റി.

ഉറൂസ് ആഘോഷങ്ങൾ നടക്കുന്ന ദിവസം സൗജന്യമായി താജ് മഹലിലേക്ക് പ്രവേശിക്കുവാനുള്ള അവസരമുണ്ട്. ഈ സൗജന്യ പ്രവേശനം വിലക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. മുഗളന്മാരോ ബ്രിട്ടീഷുകാരോ അവരുടെ ഭരണ കാലത്ത് ഇത്തരത്തിലുള്ള ആഘോഷങ്ങൾ സ്മാരകത്തിനുള്ളിൽ നടത്തിയിരുന്നില്ല എന്നാണു ഹർജിയിൽ പറയുന്നത്.ആഗ്ര നഗരത്തിലെ ചരിത്രകാരൻ രാജ് കിഷോർ രാജെ നൽകിയ വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ മുഗളന്മാരോ ബ്രിട്ടീഷ് സർക്കാരോ ഇന്ത്യാ ഗവൺമെൻ്റോ താജ്മഹലിൽ ഉറൂസ് ആഘോഷം അനുവദിച്ചിട്ടില്ല എന്ന് ഹർജിയിൽ പറയുന്നത്. സംഘടനയുടെ ജില്ലാ പ്രസിഡൻ്റ് സൗരഭ് ശർമയാണ് ഹർജി നൽകിയിരിക്കുന്നത്.

ഉറൂസ് എന്നാൽ ഒരു ആരാധനാലയത്തിൽ അല്ലെങ്കിൽ ശവകുടീരത്തിൽ നടക്കുന്ന ഒരു സന്യാസിയുടെ ചരമവാർഷിക പരിപാടി എന്നാണ് അർത്ഥമാക്കുന്നത്. 1653ൽ ഷാജഹാനാണ് താജ്മഹൽ നിർമ്മിച്ചത്.ഗ്യാൻവാപി മസ്ജിദിൻ്റെ നിലവറകളിലൊന്നിൽ വാരണാസി കോടതി, ഹിന്ദു പ്രാർത്ഥന അനുവദിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഹിന്ദു മഹാസഭ ഇത്തരമൊരു ഹർജി നൽകിയിരിക്കുന്നത്. മുസ്ലിം ആരാധനാലയങ്ങൾക്കും സ്മാരകങ്ങൾക്കും മേലെ രാജ്യത്ത് നിരന്തരമായി കടന്നുകയറ്റ ശ്രമങ്ങൾ നടക്കുന്നവെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയിലാണ് ഇത്തരം ഹർജികൾ വരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *